ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനായി എം.കെ.മുനീറിനെ നിയമിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. അത് ആരോടും ആലോചിക്കാതയെടുത്ത തീരുമാനം എന്ന് ആരോപിച്ച് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രംഗത്തെത്തുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ ഇടവേളക്ക് ശേഷം കലഹവും തുടങ്ങി. ഇതിനെല്ലാം കാരണമായ ഭരണപരിഷ്കാര കമ്മീഷനും ചെയര്‍മാനും എന്താണെന്ന് നോക്കാം.
ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് വി.എസ്. അച്യുതാനന്ദനെയാവും. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഇല്ലാതിരുന്ന അച്യുതാനന്ദന് വേണ്ടി പിണറായി സര്‍ക്കാര്‍ തയാറാക്കിയ കസേരയല്ല ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍. അതിന് മുന്‍പ് ഇ.എം.എസ് നമ്പൂതിരിപ്പാടും ഇ.കെ.നായനാറും പോലുള്ള പ്രമുഖരും ആ പദവിയില്‍ ഇരുന്നുണ്ട്. കേരളം രൂപീകരിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഭരണപരിഷ്കാര കമ്മീഷനും കേരളത്തില്‍ ഉണ്ടായി.
ഒന്നാം കമ്മീഷന്‍–ഇ.എം.എസ് നമ്പൂതിരിപ്പാട്
1957 ലാണ് ആദ്യ ഭരണപരിഷ്കാര കമ്മീഷന്‍ രൂപീകരിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ചെയര്‍മാന്‍ പദവി ഏറ്റെടുത്തു. സര്‍ക്കാര്‍ സംവിധാനം എങ്ങിനെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാം എന്ന് പഠിക്കുകയായിരുന്നു ഈ കമ്മീഷന്‍റെ ലക്ഷ്യം. അങ്ങിനെ ഈ കമ്മീഷന്‍റെ ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തിലാണ് തദേശ ഭരണ സംവിധാനം എന്ന ആശയം പോലും രൂപപ്പെടുന്നത്.
രണ്ടാം കമ്മീഷന്‍–എം.കെ.വെല്ലോടി
1965 ലാണ് രണ്ടാം കമ്മീഷന്‍ വരുന്നത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി സ്വിറ്റ്സര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറും കാബിനറ്റ് സെക്രട്ടറിയുമൊക്കെയായിരുന്നിട്ടുള്ള എം.കെ. വെല്ലോടിയായിരുന്നു അധ്യക്ഷന്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെ പൊളിച്ചെഴുത്തായിരുന്നു ഈ കമ്മീഷന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കേരളത്തിനായി പ്രത്യേക സിവില്‍ സര്‍വീസ് സംവിധാനം വേണമെന്ന ഈ കമ്മീഷന്‍റെ ശുപാര്‍ശയില്‍ നിന്നാണ് നിലവിലെ KAS സംവിധാനം രൂപംകൊണ്ടത്.
മൂന്നാം കമ്മീഷന്‍–ഇ.കെ.നായനാര്‍
ഈ കമ്മീഷന് ശേഷം മൂന്ന് പതിറ്റാണ്ട് സംസ്ഥാനത്ത് ഭരണ പരിഷ്കാര കമ്മീഷനുണ്ടായിരുന്നില്ല. പിന്നീട് 1997ലാണ് മൂന്നാം കമ്മീഷന്‍. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ തന്നെ അധ്യക്ഷനായി. സർക്കാർ ഓഫീസുകളുടെ കാര്യക്ഷമത വർധിപ്പിക്കുക,
ഭരണത്തിലെ കാലതാമസം കുറയ്ക്കുക തുടങ്ങി ഒട്ടേറെ വിഷയങ്ങളിലായിരുന്നു കമ്മീഷന്‍റെ ശ്രദ്ധ.
നാലാം കമ്മീഷന്‍–വി.എസ്. അച്യുതാനന്ദന്‍
നായനാര്‍ കമ്മീഷന് ശേഷം 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ രൂപീകരിച്ചതാണ് നാലാം കമ്മീഷന്‍. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്ന വി.എസ്. അച്യുതാനന്ദനെ അധ്യക്ഷനാക്കി. 2016 മുതല്‍ 2021 ജനുവരി വരെ വി.എസ് കമ്മീഷന്‍റെ തലപ്പത്ത് തുടര്‍ന്നു. ഇക്കാലത്തിനിടെ 13 റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ നല്‍കി. പക്ഷെ നാലോ അഞ്ചോ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
വി.എസ് രാജിവെച്ച ശേഷം രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കമ്മീഷന്‍ ഉണ്ടായിരുന്നില്ല. ആ പദവിയിലേക്ക് ഇപ്പോള്‍ എം.കെ.മുനീര്‍ വരുന്നൂവെന്ന് മാത്രമല്ല, അഞ്ചാം കമ്മീഷനായി പുതിയ ഒരു ഭരണപരിഷ്കാര കമ്മീഷനെ കൂടി സര്‍ക്കാര്‍ രൂപീകരിക്കുകയാണ്.
ഇ.എം.എസും ഇ.കെ.നായനാരും വി.എസ് അച്യുതാനന്ദനും ശേഷം ആ പദവിയിലെത്തുന്ന രാഷ്ട്രീയക്കാരന്‍ മുനീറാണ്. മാത്രവുമല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത പദവിയുമാണ് ആ കസേര. മുഖ്യമന്ത്രിയാകാതെ ആ പദവിയിലെത്തുന്ന ആദ്യ രാഷ്ട്രീയക്കാരനും മുനീറാണ്.
ചെയര്‍മാന്‍ പദവി ചെറിയ മീനല്ല
ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നിസാര കാര്യമൊന്നുമല്ല. ഒരു മന്ത്രിക്ക് സമം എന്ന് പറഞ്ഞാല്‍ തെറ്റില്ല. കാബിനറ്റ് പദവിയോടെയാണ് നിയമനം. അതായത് മന്ത്രിക്ക് തുല്യമായ ശമ്പളം ലഭിക്കുന്നു. കൂടാതെ യാത്രാബത്തയുമുണ്ട്. 12 പഴ്സനല്‍ സ്റ്റാഫുകളെ വരെ നിയമിക്കാം. കാറും ഓഫീസും ഫോണ്‍ സൗകര്യവുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ ലഭിക്കും. അതുമാത്രവുമല്ല, വി.എസിന് മന്ത്രി മന്ദിരത്തിന് സമാനമായ രീതിയില്‍ ഔദ്യോഗിക വസതിയും നല്‍കിയിരുന്നു. ചുരുക്കത്തില്‍ മറ്റൊരു മന്ത്രിപ്പദവി തന്നെയാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി.