സര്‍ക്കാര്‍ അധികാരമേറ്റ് നാല് മാസം കഴിഞ്ഞിട്ടും യുഡിഎഫില്‍ എവിടെയുമെത്താതെ ബോര്‍ഡ്, കോര്‍പറേഷന്‍ വീതംവയ്പ്. ഭരണപരിഷ്‌കാരകമ്മിഷന്‍ അധ്യക്ഷ സ്ഥാനം ലീഗിന് നല്‍കാന്‍ മുഖ്യമന്ത്രിയും ലീഗ് നേതൃത്വും തമ്മില്‍ ധാരണയായിരിക്കെ, പദവിക്കായി കോണ്‍ഗ്രസിലെ ഒരു വിഭാഗം അവകാശവാദം തുടങ്ങി. മുതിര്‍ന്ന നേതാവ് കെ.സി. ജോസഫിന്‌റെ പേര് ഉയര്‍ത്തിയുള്ള അവകാശവാദത്തിന് വ്യക്തമായ ലക്ഷ്യമുണ്ട്.

ബോര്‍ഡ്, കോര്‍പറേഷന്‍ വീതംവയ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അവകാശപ്പെട്ടിരുന്നത്. രണ്ടാഴ്ചകള്‍ പലത് പിന്നിട്ടു. മാസം നാലായി. അങ്ങിങ്ങായി ചില ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ ധാരണയായിട്ടില്ല. എം.കെ.മുനീറിനെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാക്കാന്‍ മുഖ്യമന്ത്രിയും ലീഗ് നേതൃത്വവും തമ്മില്‍ ധാരണയായിരിക്കെയാണ് പദവിയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും അവകാശവാദം ഉയര്‍ത്തുന്നത്. മുതിര്‍ന്ന നേതാവ് കെ.സി.ജോസഫിനെ പദവിയിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. മുനീർ പദവിയിലെത്തുന്നതിനോടു വിയോജിപ്പില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തതിലുള്ള അമര്‍ഷമാണ് മറ്റൊരു പേര് ഉയര്‍ത്തുന്നതിലേക്ക് ഒരു വിഭാഗം നേതാക്കളെ എത്തിച്ചിട്ടുള്ളത്. 

വീതംവയ്പ് നീണ്ടുപോകുന്നതില്‍ ഒരു പദവിയും ഇതുവരെ പതിച്ചുകിട്ടാത്ത ഫോര്‍വേഡ് ബ്‌ളോക്ക്, മാണി സി. കാപ്പന്‍ ഉള്‍പ്പെടെ കക്ഷികള്‍ക്കും വ്യക്തികൾക്കും അമര്‍ഷമുണ്ട്. അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത മുതിര്‍ന്ന നേതാക്കളടക്കം ബോര്‍ഡ്, കോപ്പറേഷന്‍ അധ്യക്ഷ പദവികള്‍ക്കായി രംഗത്തുണ്ട്. ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കു മുന്‍ഗണന നല്‍കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ENGLISH SUMMARY:

UDF board corporation appointments in Kerala are facing significant delays, with the allocation of positions still undecided four months after the government took office. While a consensus between the Chief Minister and the League leadership to offer the post of Administrative Reforms Commission chairman to the League is reportedly reached, a faction within the Congress is now staking a claim for the position.