O - 1

TOPICS COVERED

 പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാത്രമല്ല, അവര്‍ പതിക്കുന്ന പോസ്റ്ററുകളും ഫ്ലക്സുകളും കൂടിയാണ് ഒരു നാടിനെ തിരഞ്ഞെടുപ്പ് മൂഡിലെത്തിക്കുന്നത്. കല്ലറ ചെറുവാളം ജംക്ഷനിലെ മാവിന് അങ്ങനെ മൂന്നുകഥകള്‍ പറയാനുണ്ട്.  2025 സെപ്തംബറിലെ തദ്ദേശ തിരഞ്ഞെടുപ്പ്, 2026ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, പിന്നെ ഇപ്പോള്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. മൂന്നു തിരഞ്ഞെടുപ്പിന്‍റെയും ഫ്ലക്സുകളും കൊടികളും മാവിലുണ്ട്. റോഡിന്‍റെ മധ്യഭാഗത്തേക്ക് ചാഞ്ഞുനില്‍ക്കുന്ന ഏറ്റവും ഉയരമുള്ള മരമായതാണ് മാവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കാരണം. മൂന്ന് റോഡുകള്‍ സമാഗമിക്കുന്ന ചെറുവാളത്ത് ഏതുറോഡിലൂടെ പോയാലും മാവ് ശ്രദ്ധിക്കാതിരിക്കില്ല. ചെറുവാളത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരുടെയും കണ്ണുടക്കാതെ പോകില്ല.

ഏറ്റവും ഉയരത്തില്‍ കൊടി സ്ഥാപിക്കാനാണ് ആവേശം. പക്ഷേ ഈ ആവേശം തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇവ നീക്കം ചെയ്യുന്നതിലില്ല. സോണിയാ ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്ലെക്സ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് മരത്തിന് മുകളില്‍ കയറ്റിയതാണ്. ഒരുവര്‍ഷം പിന്നിട്ടു. നിറം പാതിയും പോയി, വളഞ്ഞുപുളഞ്ഞു, മുഖം പോലും ഫ്ലക്സില്‍ വ്യക്തമല്ല. രാഷ്ട്രീയ ഭേദമന്യേ കൊടികളും അനവധി. പലതിന്‍റെയും നിറങ്ങള്‍ മങ്ങിയെങ്കിലും ആരും മാറ്റിയിട്ടില്ല. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലും പുത്തന്‍ കൊടികള്‍ മരത്തിലേറി.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമമനുസരിച്ച് പിവിസി ഫ്ലക്സുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. മരങ്ങളില്‍ കമ്പി കൊണ്ട് ഇത്തരം കൊടികള്‍ വലിച്ചുകെട്ടുന്നതുവഴി മരങ്ങളുടെ വളര്‍ച്ച തടയുകയാണ്. കൊടികളും മറ്റും സ്ഥാപിക്കാന്‍ ആണിയടിക്കുന്നതുമൂലമുണ്ടാകുന്ന മുറിവുകള്‍ വഴി ഫംഗസുകളും ബാക്ടീരിയകളും പ്രാണികളും കയറി രോഗമുണ്ടാകാനും സാധ്യതയേറെ. 

തിരഞ്ഞെടുപ്പ് കൊടികളും ഫ്ലക്സുകളും മാറ്റേണ്ട പ്രധാന ഉത്തരവാദിത്തം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയുടെയും ഹൈക്കോടതിയുടെയും നിര്‍ദേശപ്രകാരം വോട്ടെടുപ്പ് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനകം പാര്‍ട്ടി സ്വന്തം ചെലവി‍‍ല്‍ അത് മാറ്റേണ്ടതുണ്ട്. പക്ഷേ നിര്‍ദേശങ്ങളൊന്നും ചെറുവാളത്തെ മാവില്‍ പാലിക്കപ്പെട്ടിട്ടില്ല.

ENGLISH SUMMARY:

Election posters and flex boards are integral to the electoral mood in Kerala, with one particular tree at Kallara Cheruvāḷam Junction bearing witness to multiple elections and campaigns. The unchecked display of these materials not only poses environmental challenges but also violates election commission directives, highlighting a persistent issue in political campaigning.