അറഫ ഗോൾഡ് സാമ്പത്തിക തട്ടിപ്പിൽ സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിൽ ഇഡി റെയ്ഡ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി വിഭാഗം റെയ്ഡ് നടത്തിയത്. സിബിഐ കേസിന്റെ തുടർച്ചയായാണ് ഇഡി അന്വേഷണം.
കൊല്ലത്തെ യൂക്കോ ബാങ്കിന്റെ ശാഖയിൽ നിന്ന് കോടികളുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. സിബിഐ അന്വേഷിക്കുന്ന കേസിൽ കമ്പനി ഉടമകൾ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. വായ്പ നിലനിൽക്കെ സ്വർണ്ണം കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥ ലംഘിച്ച് ബാങ്കിന് ഭീമമായ നഷ്ടം വരുത്തി.
യൂക്കോ ബാങ്കിന്റെ കൊല്ലത്തെ ശാഖയിൽ നിന്ന് 38.60 കോടി രൂപയാണ് ഉടമകൾ കൈപ്പറ്റിയത്. 19.56 കോടി രൂപയുടെ നഷ്ടം സ്വർണ്ണം വക മാറ്റിയതിലൂടെ ബാങ്കിന് സംഭവിച്ചെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികൾ കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അറഫ ഗോൾഡിന്റെ ഉടമകളുടെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ് നടത്തിയത്.