ഒരു രാത്രി, മൂന്ന് മണിക്കൂർ നീണ്ടുനിന്ന പെരുമഴ. ഒടുവിൽ ഒരു നാടിനെത്തന്നെ മായ്ച്ചുകളഞ്ഞ ഉരുൾപൊട്ടൽ. തിരുവനന്തപുരം അമ്പൂരി ദുരന്തത്തിന് ഇന്ന് കാൽനൂറ്റാണ്ട്. 39 ജീവനുകൾ കവർന്ന ആ ദുരന്തത്തിൽ ഭാര്യയും മക്കളും ചെറുമക്കളുമടക്കം കുടുംബത്തിലെ 13 പേരെയാണ് സി.ഡി തോമസെന്ന കര്‍ഷകന് നഷ്ടമായത്.
മരണത്തിന്‍റെ പിടിയിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തോമസ്, ദുരന്തം തകർത്ത അതേ മണ്ണിൽ, നഷ്ടങ്ങളുടെ ഓർമകളുമായി പുതിയൊരു ജീവിതം പടുത്തുയർത്തി
മഴ പെയ്യുമ്പോൾ ഇന്നും ഉറക്കം നഷ്ടപ്പെടുന്ന മനുഷ്യൻ. കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ആ രാത്രി തോമസിനെ വിട്ടുപോയിട്ടില്ല. മറക്കാൻ ശ്രമിക്കാത്ത ദിവസമില്ല. പക്ഷേ, മറക്കാൻ കഴിയുന്ന ഓർമയുമല്ല അത്.
2001 നവംബർ 9 വെള്ളിയാഴ്ച. മൂന്ന് മണിക്കൂർ നീണ്ടുനിന്ന തുലാമഴ. നെയ്യാർഡാമിനും അമ്പൂരിക്കുമിടയിലെ കുരിശുമല ഒന്നാകെ കുത്തിയൊലിച്ചെത്തി. മലവെള്ളപ്പാച്ചിലിൽ അടിവാരത്തെ വീടുകൾ തകർന്നടിഞ്ഞു. ഒരു നിമിഷംകൊണ്ട് 40 ജീവനുകള്‍ മണ്ണിനടിയിലായി. ആ രാത്രിയിൽ തോമസിന് നഷ്ടമായത് സ്വന്തം കുടുംബത്തെയാകെ.
ഭാര്യ ലീലാമ്മ. മനസ്സമതം കുറിക്കാനിരുന്ന മകൻ ബിനു. ചടങ്ങിനായി പൂനെയിൽ നിന്നെത്തിയ മകൾ ബീന, ഭർത്താവ് റോമിയോ, മക്കളായ ഫെലിക്സും ലിയോണും. മറ്റ് ബന്ധുക്കളടക്കം 13 പേർ. ആകെ 39 ജീവനുകൾ പൊലിഞ്ഞു. കാണാതായ ഒരാളെ കണ്ടെത്താനായില്ല.
ദുരന്തത്തിനുശേഷം പ്രദേശത്തെ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എന്നാൽ തോമസ് മടങ്ങിപ്പോയില്ല. എല്ലാം നഷ്ടപ്പെട്ട അതേ മണ്ണിൽ പുതിയൊരു വീട് പണിതു. പുതിയൊരു കുടുംബജീവിതം തുടങ്ങി. വർഷങ്ങൾ കടന്നുപോയി. മുറിവുകൾ ഉണങ്ങിയില്ല. ഓർമകൾ മാഞ്ഞില്ല. എങ്കിലും ജീവിതത്തോട് തോമസ് തോറ്റുകൊടുത്തില്ല. നഷ്ടപ്പെട്ടവർക്കായി പ്രാർത്ഥിച്ച്, അവശേഷിക്കുന്ന ജീവിതത്തെ ചേർത്തുപിടിച്ച് മുന്നോട്ട്. ദുരന്തത്തിന്‍റെ ഇരയെന്നതിലുപരി, അതിജീവനത്തിന്‍റെ അടയാളമായി ഇന്ന് 75-കാരനായ തോമസ്.