special-school

മൽസരമെന്നാണ് പേരെങ്കിലും മനസ് കൊണ്ട് സ്‌നേഹം അടയാളപ്പെടുത്തുന്ന കുരുന്നുകൾ. ഈ മികവെല്ലാം എവിടെ ഒളിപ്പിച്ചിരിക്കുന്നുവെന്ന് കണ്ടുനിൽക്കുന്നവരുടെയും കൗതുകം. തലസ്ഥാന നഗരിയിൽ പുരോഗമിക്കുന്ന സ്പെഷൽ സ്‌കൂൾ സംസ്ഥാന സ്കൂള്‍ കലോത്സവം ഹൃദയത്തിൽ അടയാളപ്പെടുത്തുന്ന കാഴ്ചയുടെ ഇടം കൂടിയാണ്.

ഉരിയാടാതെ, ഇമയനക്കം  തീർക്കുന്ന മുദ്രകളിലൂടെ. ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന പദലാളനങ്ങളിലൂടെ സ്‌നേഹ സ്പർശം നിറയ്ക്കുന്ന പുഞ്ചിരി. ഉൽസാഹത്തോടെയുള്ള തയാറെടുപ്പ്. അവരിരു പേർ പിന്നീട് മുദ്രകളിലൂടെ ഒരുപാടുപേരായി. വേദിയിൽ തീർത്തത് വിസ്മയം. ചങ്കിടിപ്പോടെ ചാരത്തും ഓരത്തും ഭാവങ്ങൾ ഏറിയും കുറഞ്ഞും വരുമ്പോൾ മക്കളെ പ്രചോദിപ്പിക്കുന്ന അധ്യാപികമാർ. മകളുടെ സമ്മാനവുമായുള്ള വരവും കാത്ത് ദൂരെയിരിക്കുന്ന അമ്മയോട് ഫോണിൽ ഗ്രേഡിന്‍റെ മാറ്റ് പറയുന്ന മലയാളശ്രീ . അകക്കണ്ണിൽ അൻപത്തൊന്നക്ഷരം നിറച്ച് വിസ്മയം തീർത്ത് തുടർച്ചയായ ഒൻപതാം വർഷവും വേദി കീഴടക്കിയ കോഴിക്കോട്ടുകാരി ഹിബ ഫാത്തിമ.

കലയുടെ ലോകം വഴങ്ങാത്തവർക്ക് വഴികാട്ടിയായി അകം പുറം അടയാളപ്പെടുത്തി കൈപിടിക്കുന്നവർ.പഴയ മുഖത്തിന്‍റെ പകിട്ട് വരാൻ കണിശതയോടെ കൈത്തലം തൊടുന്ന കൂട്ടുകാർ. ഇവിടെയൊരു സ്‌നേഹവിരുന്നാണ്. ആരോടും ആർക്കും കലഹമില്ലാതെ. കഴിയാവുന്നതെല്ലാം മികവോടെ വേദിയിൽ അവതരിപ്പിച്ച് വിയർത്തൊലിച്ച് വരുന്നൊരു വരവുണ്ട്. കഴിവുറ്റ , മികവുറ്റ പ്രകടനങ്ങളുമായി . അവരുടെ മനസാണ് ഇവിടെ അനന്തപുരിക്ക് സമ്മാനിക്കുന്നത്. മണക്കാട് കാർത്തിക തിരുനാൾ സ്‌കൂളിൽ പുരോഗമിക്കുന്ന സ്പെഷൽ സ്‌കൂൾ കലോൽസവം അനന്തപുരി സ്‌പെഷലാക്കി കൂട്ടുകാർക്ക് തിരികെ നൽകി കഴിഞ്ഞു.

Special School State Arts Festival Captivates Thiruvananthapuram: