ഇഡിയുടെ കത്തില്‍ പിണറായി വിജയനും തനിക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിയിൽ പ്രതികരണവുമായി മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെയും രീതികളെയും എന്നും ശക്തമായി എതിർത്തിട്ടുള്ള കോൺഗ്രസ് നയിക്കുന്ന ഒരു സംസ്ഥാന സർക്കാർ, ഇ.ഡി റിപ്പോർട്ട് അടിസ്ഥാനമാക്കി അന്വേഷണത്തിന് ഉത്തരവിട്ടത് സമൂഹം ചർച്ച ചെയ്യുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ലീഗൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറ‍ഞ്ഞു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് എം.എ.ബേബിയും ആരോപിച്ചു. പിണറായി വിജയന്റെ മകളായതുകൊണ്ടാണ് വീണയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതെന്നും, നരേന്ദ്ര മോദി സർക്കാരിന്റെ ഈ രാഷ്ട്രീയ വേട്ടയ്ക്ക് കോൺഗ്രസ് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും ബേബി കുറ്റപ്പെടുത്തി. കേസിനെയും രാഷ്ട്രീയ നീക്കങ്ങളെയും നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാൻ സി.പി.എമ്മിന് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡി, ഇ.ഡി, വി.ഡി കോക്കസ് ആണ് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമും പ്രതികരിച്ചു. വർഗീയ വിരുദ്ധ രാഷ്ട്രീയം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതുന്നില്ല. ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിക്ക്. രാജ്യത്തെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ നശിപ്പിക്കാൻ ബിജെപിക്ക് ഒപ്പം യുഡിഎഫ് സർക്കാർ നിൽക്കുന്നെന്നും ചിന്ത പറഞ്ഞു.

അതേസമയം, മുഹമ്മദ് റിയാസിന് ഹവാല ഇടപാടുകളുണ്ടെന്ന ഇ.ഡിയുടെ കണ്ടെത്തലില്‍ ഊന്നിയാകും ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് സൂചനകള്‍. വിജിലന്‍സിന് പകരം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ പ്രധാനകാരണം ഇതാണ്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാകും കേസെടുക്കുന്നതില്‍ തീരുമാനം. അന്വേഷണത്തിനായി ക്രൈം‌ംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും. അന്വേഷണം നടത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. പ്രാഥമിക അന്വേഷണമായിരിക്കും എന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

Former Minister P.A. Mohamed Riyas responded to the government's decision to order a Crime Branch probe based on an ED letter by asserting his complete innocence and stating he will face the issue legally. He criticized the Congress-led state government for endorsing an ED report despite the party's national stance against central investigating agencies. Senior CPM leader M.A. Baby accused the Union government of using central agencies to target former CM Pinarayi Vijayan and his daughter Veena, alleging that the Congress government is acting in tandem with the BJP. Meanwhile, Home Minister Ramesh Chennithala clarified that the government holds a legal obligation to conduct a preliminary inquiry into the ED findings, which focus heavily on alleged hawala transactions.