സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും പോളിടെക്നിക്കുകളിലെയും സ്‌കൂൾ പാർലമെന്റുകളിലെയും തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. വിജയത്തിന്റെ കണക്കുകളും വന്നു. സർവകലാശാലകളിലും പോളിടെക്നിക്കുകളിലും ബഹുഭൂരിപക്ഷത്തിൽ എസ്എഫ്ഐ വിജയിക്കുകയും ചെയ്തു. പക്ഷേ പുറത്തുവന്ന കണക്കുകളിൽ സ്‌കൂളുകളിലെ എസ്എഫ്ഐയുടെ വിജയം സമൂഹ മാധ്യമങ്ങളിൽ ചോദ്യങ്ങളുയർത്തി.  

സ്‌കൂളുകളിൽ രാഷ്ട്രീയമുണ്ടോ? സ്‌കൂളുകളിൽ എസ്.എഫ്.ഐ ഉണ്ടോ? കണക്കുകൾ പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് പിണറായി വിജയനായതുകൊണ്ട് വിശ്വസിക്കാതിരിക്കാനും തരമില്ലല്ലോ. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്, സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 699 സ്‌കൂൾ പാർലമെന്റുകളിൽ 604ലും എസ്.എഫ്.ഐ വിജയിച്ചുവെന്നാണ്. 

അതായത്, 1996 ലെ ഹൈക്കോടതി വിധി പ്രകാരം സ്‌കൂളുകളിൽ രാഷ്ട്രീയം നിരോധിച്ചിരിക്കെ, എസ്എഫ്ഐ സ്‌കൂളുകളിൽ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് മുതിർന്ന രാഷ്ട്രീയ നേതാവ് തന്നെ പരസ്യമായി സമ്മതിച്ചിരിക്കുന്നു. ഇതിന്റെ പേരിൽ ഇടതുപക്ഷം വലിയ ആഘോഷങ്ങൾ നടത്തുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ എസ്.എഫ്.ഐ സ്‌കൂൾ കമ്മിറ്റികളുടെ പേരിലുള്ള ബാനറുകളുമായി നിൽക്കുന്ന സ്‌കൂൾ കുട്ടികളുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. കോൺഗ്രസ് നേതാക്കളടക്കം സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ പല പ്രമുഖരും ഇതിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഈ സാഹചര്യത്തിൽ കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ നിലപാട് എന്താണെന്നുള്ളതും ഉയരുന്ന ചോദ്യമാണ്. കെ.എസ്.യു പറയുന്നത്, സ്‌കൂൾ പാർലമെന്റിലേക്ക് വിദ്യാർഥികൾക്കിടയിൽ നിന്ന് സ്ഥാനാർഥികളെ കണ്ടെത്തി രാഷ്ട്രീയ അടിസ്ഥാനത്തിലല്ലാതെയാണ് പല സ്‌കൂളുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷമാണ് എസ്.എഫ്.ഐ ഇത്തരം അവകാശവാദങ്ങളുമായി രംഗത്തെത്തുന്നതെന്നും കെ.എസ്.യു ആരോപിക്കുന്നു.

സ്‌കൂളുകളിൽ രാഷ്ട്രീയം വേണ്ട എന്ന നിലപാടല്ല തങ്ങൾക്കുള്ളതെന്നും, എന്നാൽ ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ഇത്തരം രാഷ്ട്രീയ മത്സരം സംഘടിപ്പിക്കാൻ കെ.എസ്.യു മുന്നിട്ടിറങ്ങാറില്ലെന്നും അവർ പറയുന്നു. പിണറായി വിജയൻ ഇപ്പോൾ ഇതിനെ വലിയ വിജയമായി അവതരിപ്പിക്കുന്നത് പ്രതിപക്ഷത്തായതുകൊണ്ടാണെന്നും കെ.എസ്.യു ആരോപിക്കുന്നുണ്ട്.

നിലവിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കോടതി നിരോധിച്ചിട്ടില്ല. എന്നാൽ, അത് രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ നടത്തരുതെന്ന് കോടതി വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ വിദ്യാർഥികളോ വിദ്യാർഥി സംഘടനകളോ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനെയും കോടതി വിലക്കിയിരുന്നു. അപ്പോൾ പിന്നെ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് എന്തിനാണ് എന്ന ചോദ്യവും പ്രസക്തമാണ്. കുട്ടികൾക്ക് ജനാധിപത്യം പരിചയപ്പെടുത്താൻ. തിരഞ്ഞെടുപ്പ് എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കാൻ. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം പഠിക്കാൻ. നേതൃത്വം ഏറ്റെടുക്കാനും എതിരഭിപ്രായങ്ങളെ ബഹുമാനിക്കാനും പഠിക്കാൻ. അതിനായി സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിൽ പ്രശ്നമില്ല. പ്രശ്നം അത് രാഷ്ട്രീയ പാർട്ടികളുടെ മത്സരമായി മാറുമ്പോഴാണ്.

ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില ബാനറുകളും ചിത്രങ്ങളും ഇതേ ചർച്ചയാണ് വീണ്ടും ഉയർത്തുന്നത്. കുട്ടികൾക്ക് ജനാധിപത്യം പഠിപ്പിക്കുന്നതും അവരെ പാർട്ടി രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതും രണ്ടാണ്. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളെ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിലേക്ക് കൊണ്ടുപോകുന്നതും, അവരുടെ കൈയിൽ കൊടികളും ബാനറുകളും നൽകുന്നതും, പാർട്ടി രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതും എത്രത്തോളം ശരിയാണ് എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്.

അത് ഏത് രാഷ്ട്രീയ പാർട്ടിയായാലും ഇതേ നിലപാടാണ് വേണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി സഖാവിന്റെ വീഡിയോയും ഇതിന്റെ ഭാഗമായാണ് ചർച്ചയായത്. ആ കുട്ടിയെ പിന്തുണച്ച് രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. അവിടെയും ചോദ്യം ഒന്നുതന്നെ- പഠിക്കാനും വളരാനുമുള്ള പ്രായത്തിൽ കുട്ടികളെ മുതിർന്നവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശരിയാണോ?

ഇവിടെ മറ്റൊരു വൈരുധ്യവും കാണാം. കുട്ടികൾ ചെറുപ്പത്തിൽ തന്നെ മതപരമായ കാര്യങ്ങളിൽ സ്വാധീനിക്കപ്പെടരുതെന്നും, വളർന്നശേഷം അവർക്ക് സ്വന്തമായി അഭിപ്രായം രൂപപ്പെടുത്താമെന്നും പറയുന്നവരുണ്ട്. പക്ഷേ, രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മാത്രം കുട്ടികൾക്ക് സ്വന്തം അഭിപ്രായം രൂപപ്പെടുത്താനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന സമീപനം എന്തുകൊണ്ടാണ്?

രാഷ്ട്രീയം മനസ്സിലാക്കാനുള്ള ബോധവും പക്വതയും വരുമ്പോൾ അവർക്ക് അതിനെക്കുറിച്ച് പഠിക്കാം. കോളേജ് ക്യാംപസുകളിൽ അതിനുള്ള അവസരങ്ങളും ധാരാളമുണ്ട്. സ്വന്തമായി കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കാനും സ്വന്തം നിലപാട് രൂപപ്പെടുത്താനും കഴിയുന്ന പ്രായത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, അതിനുള്ള ഇടം സ്‌കൂളുകളല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

സ്‌കൂൾ പാർലമെന്റ് ഉണ്ടാകട്ടെ. കുട്ടികൾ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യം പഠിക്കട്ടെ. വോട്ട് ചെയ്യട്ടെ. നേതൃത്വം ഏറ്റെടുക്കട്ടെ. വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനിക്കാനും പഠിക്കട്ടെ. പക്ഷേ, അതിനെ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പായി മാറ്റാതിരിക്കുകയാണ് വേണ്ടത്. കുട്ടികളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തുക എന്നതല്ല ലക്ഷ്യം. അവർക്ക് സ്വന്തമായി ചിന്തിക്കാനും സ്വന്തം അഭിപ്രായം രൂപപ്പെടുത്താനും കഴിയുന്ന പ്രായം വരുന്നതുവരെ അവരുടെ ആ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതാണ് പ്രധാനം.

ENGLISH SUMMARY:

School parliament elections in Kerala have concluded, with SFI achieving significant victories in universities and polytechnics. However, SFI's reported success in school parliament elections has sparked widespread debate on social media, questioning the presence of political activities in schools.