കൊല്ലം ജില്ലയിലെ ഗുഹാനന്ദപുരത്ത് സ്കൂളുകളിൽ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ കുട്ടികള്‍ മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തിയതില്‍ രൂക്ഷവിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. എസ്എഫ്ഐ എന്ന് എടുത്തുപറയാതെയാണ് ബല്‍റാമിന്‍റെ പോസ്റ്റ്. എങ്കിലും കുട്ടികള്‍ ബാനര്‍ ഉയര്‍ത്തിയതിന്‍റെ ചിത്രമടക്കം ബല്‍റാം പങ്കുവച്ചിട്ടുണ്ട്.
‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നാണ് ബല്‍റാം പങ്കുവച്ച ചിത്രത്തിലെ കുട്ടികള്‍ പിടിച്ചിരിക്കുന്ന ബാനറിലുള്ളത്. എസ്എഫ്ഐ ഗുഹാനന്ദപുരം സ്കൂള്‍ യൂണിറ്റ് കമ്മിറ്റി എന്നും പോസ്റ്റിലുണ്ട്. സ്കൂളിന് മുന്നില്‍ നിന്നും യൂണിഫോമിലുള്ള വിദ്യാര്‍ഥികള്‍ എസ്എഫ്ഐ പതാകയേന്തി നില്‍ക്കുന്നതാണ് ചിത്രം.
പിന്നാലെ ചിത്രം പങ്കുവച്ച ബല്‍റാം, ഏഴിലോ എട്ടിലോ പഠിക്കുന്ന കൊച്ചുകുട്ടികളെ ഉപയോഗിച്ച് വിദ്യാലയങ്ങളിൽ വിദ്യാർഥി സംഘടനകളുടെ ബാനറുകൾ ഉയർത്തുന്നതും, ഭരണനേതൃത്വത്തെയും ജനപ്രതിനിധികളെയും അപമാനിക്കുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നതിനെയും ചോദ്യം ചെയ്തു. ‘ഒരു വിദ്യാര്‍ഥി സംഘടന’ എന്നാണ് പോസ്റ്റില്‍ ബല്‍റാം പറയുന്നത്.
‘ഏതോ ഒരു സ്‌കൂളിൽ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ അവരുടെ ക്ലാസ് മുറിയിൽ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതിന്‍റെ പേരിൽ ആ കുട്ടികളേക്കൊണ്ട് ഒരു ‘വിദ്യാർഥി സംഘടന’ പിടിപ്പിക്കുന്ന ബാനർ ആണിത്. എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാർലമെന്‍റ് സീറ്റിൽ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റിൽ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും. നിങ്ങക്കെന്താ വയ്യേ!’ എന്നാണ് ബല്‍റാമിന്‍റെ പോസ്റ്റ്. പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനിലും എസ്എഫ്ഐക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, സംസ്ഥാനത്തെ കോളജ്, സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ പ്രവർത്തകരെയും വിജയം നേടിയ സ്ഥാനാർഥികളെയും അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയന്റെ പോസ്റ്റിന്‍റെ പൂർണ്ണരൂപം: ‘കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു പരാജയത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്ന് യുവതലമുറ നമ്മോട് വിളിച്ചുപറയുകയാണ്. കേരളത്തിലെ വിവിധ തലങ്ങളിലെ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് ഫലങ്ങൾ അതിന്റെ പ്രതിഫലനമാണ്.
ക്യാമ്പസുകളിലും സ്കൂളുകളിലും വിദ്യാർഥികൾ നൽകിയ ഈ പിന്തുണ വലിയ ഉത്തരവാദിത്തമാണ്. വിദ്യാർഥികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി കൂടുതൽ ശക്തമായി ഇടപെടാനുള്ള ഉത്തരവാദിത്തം വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റെടുക്കണം.
കഴിഞ്ഞ മൂന്ന് മാസത്തെ യുഡിഎഫ് ഭരണത്തെ സംബന്ധിച്ച് പവർകട്ട്, ലൈഫ് പദ്ധതി, പെൻഷൻ, റേഷൻ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ ഉയരുന്ന ആശങ്കകളും ചർച്ചകളും ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണത്തിന്റെ യാഥാർഥ്യം ജനങ്ങൾ വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ആദ്യ പ്രതിഫലനങ്ങളിൽ ഒന്നാണ് കേരളത്തിന്റെ യുവമനസ്സുകളിൽ കാണുന്നത്. വിദ്യാർഥി സമൂഹത്തിന്റെ ഈ ജനാധിപത്യ വിധിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. എസ്.എഫ്.ഐയുടെ വിജയിച്ച മുഴുവൻ പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.