Image credit: facebook
ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിലെ പ്രസിഡന്റ്, സെക്രട്ടറി, ജോയിൻ സെക്രട്ടറി സ്ഥാനങ്ങളിലെ എബിവിപിയുടെ ജയം ക്രമക്കേടിലൂടെ നേടിയതെന്ന് ആരോപണം. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി വിശേഷ് യാദവ് ലഭിച്ച വോട്ടുകളുടെ എണ്ണം മാറ്റിയെഴുതിയെന്ന് ആരോപിച്ച് രേഖകൾ പുറത്തുവിട്ടു. സ്വാമി ശ്രദ്ധാനന്ദ് കോളേജ്, രാംജാസ് കോളേജ്, ശിവാജി കോളേജ് തുടങ്ങി വിവിധ കോളേജുകളിൽ കള്ളവോട്ട് ചെയ്തു എന്നാണ് എൻഎസ്യുവിന്റെ ആരോപണം.
വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുകയും, തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുക്കുകയും ചെയ്തു എന്ന് ഡിയുഎസ്യു പ്രസിഡന്റ് സ്ഥാനാർത്ഥി വിജയ് മീണ ആരോപിച്ചു. കോടതിയെ സമീപിക്കുന്നതിൽ കൂടിയാലോചന തുടരുകയാണെന്നാണ് എൻഎസ്യു നേതൃത്വത്തിന്റെ പ്രതികരണം. വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് വിശേഷ് യാദവ് സർവകലാശാലയ്ക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റായി യാഷ് ദബാസ്, സെക്രട്ടറിയായി റിയ ചൗഡി, ജോയിന്‍റ് സെക്രട്ടറിയായി ലക്ഷ്യ രാജ് സിങ് എന്നിവരാണ് ജയിച്ചത്. കേന്ദ്ര പാനലിലെ മൂന്ന് സീറ്റും സ്വന്തമാക്കിയ എബിവിപിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനും അഭിനന്ദിച്ചിരുന്നു. എന്‍എസ്‌യുവുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് മൂന്ന് സീറ്റും എബിവിപി പിടിച്ചെടുത്തത്. എല്ലാ വിമർശനങ്ങൾക്കുള്ള മറുപടി വിജയത്തിലൂടെ നൽകിയെന്നായിരുന്നു ജയത്തിന് പിന്നാലെ എബിവിപിയുടെ പ്രതികരണം.