സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുണ്ടായിരുന്ന വാടക ഹെലികോപ്റ്ററിന്‍റെ സേവനം നിലച്ചു. ഇന്നലെ വൈകിട്ടോടെ കരാര്‍ കാലാവധി അവസാനിച്ചുവെങ്കിലും സര്‍ക്കാര്‍ പുതുക്കിയില്ല. അതിനാല്‍ ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ പൊലീസിന് ഉപയോഗിക്കാനാവില്ല. അതേസമയം, ഹെലികോപ്റ്റര്‍ ഉപേക്ഷിക്കാനുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. വാടക കരാർ പുതുക്കുന്നതിൽ അടുത്ത ആഴ്ച തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്. ഇനി പുതുക്കിയാലും രണ്ട് വർഷം കൂടി ഇതേ നിരക്കിൽ ഉപയോഗിക്കാനാവും.
മാസം 25 മണിക്കൂർ വരെ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. പറന്നാലും ഇല്ലെങ്കിലും വാടകയിൽ മാറ്റമില്ല. 25 മണിക്കൂറിലധികം പറന്നാൽ അധികമായി ഉപയോഗിക്കുന്ന സമയത്തിന് കൂടുതൽ തുക നൽകണം. അടിയന്തര ഘട്ടങ്ങളിൽ ആവശ്യമാണെന്നു കാട്ടി ഹെലികോപ്റ്ററിന്റെ കരാർ നീട്ടാൻ സംസ്ഥാന പൊലീസ് മേധാവി അടുത്തിടെ ആഭ്യന്തര വകുപ്പിനു ശുപാർശ നൽകിയിരുന്നു. പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളിൽ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.