സ്കൂള്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മുഖ്യമന്ത്രിയെ പരിഹസിച്ചുള്ള ബാനര്‍ വിവാദത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. സഞ്ജീവ്. മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ചിത്രം വച്ച് 'ശൈ ലജ്ജേ' എന്ന് ഫ്ലെക്സുയര്‍ത്തിയവരും 'വിജയാ തീര്‍ന്നു' എന്ന ഫ്ലെക്സുയര്‍ത്തിയവരും എസ്എഫ്ഐയുടെ നെഞ്ചത്ത് കയറാന്‍ വരേണ്ടെന്ന് സഞ്ജീവ് പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന തിരഞ്ഞെടുപ്പിലാണ് എസ്എഫ്ഐയുടെ വിജയമെന്നും ഇത് രാഷ്ട്രീയ വിജയമാണെന്നും സഞ്ജീവ് അവകാശപ്പെട്ടു.
സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നടത്തിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ കടക്കുകൂട്ടലുകള്‍ക്ക് അപ്പുറമാണ് എസ്എഫ്ഐയുടെ വിജയം. 690 സ്കൂള്‍ പാര്‍ലമെന്‍റില്‍ 600 നടുത്ത് ഇടത്ത് എസ്എഫ്ഐ ജയിച്ചു. ഇത് രാഷ്ട്രീയ വിജയമാണെന്നും സഞ്ജീവ് അവകാശപ്പെട്ടു.
വിദ്യാര്‍ഥികള്‍ പറഞ്ഞത് ഇനിയും വിസ്മയം വേണോ എന്നാണ്. ആരെയും ഉദ്യേശിച്ചിട്ടില്ല. സ്വയം അങ്ങനെയാണെന്ന് കരുതുന്നവര്‍ അത് ഏറ്റെടുത്തു. പൊളിടെക്നിക്കിലെ വിജയത്തിനു ശേഷം ശൈലജ ടീച്ചര്‍ക്കെതിരെ ഫ്ലെക്സുയര്‍ത്തിയവരാണ് കെഎസ്‍യുക്കാര്‍. സ്വന്തം കാര്യം വരുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ട്നസ് ഉപയോഗിച്ച് തങ്ങള്‍ക്കെതിരായ വികാരത്തെ തണുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.
വിവാദ പോസ്റ്ററിനെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും ന്യായീകരിച്ചു. പോസ്റ്ററിൽ ‘പൂക്കി’ എന്ന വാക്ക് പ്രയോഗിച്ചത് അപരാധമായി കാണുന്നില്ലെന്ന് ചിന്ത പറഞ്ഞു. ‘ജെൻ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കി. പൂക്കി എന്നാൽ ക്യൂട്ട്നെസ് അല്ലേ? അതൊരു മോശം വാക്ക് അല്ലെന്നും ചിന്ത പറഞ്ഞു.