സോഷ്യൽ മീഡിയ ഇപ്പോൾ സൗഹൃദത്തിന്റെ നിർവചനം പുതുക്കുന്ന തിരക്കിലാണ്. കല്യാണം കൂടാൻ അമേരിക്കയിലേക്ക് പോകാൻ ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്ത് തരുന്ന സുഹൃത്തുക്കളുണ്ടോ? യാത്രചെയ്യാൻ റേഞ്ച് റോവർ വിട്ടുതരുന്ന സുഹൃത്തുണ്ടോ? ഇതൊന്നും ഇല്ലെങ്കിൽ നിങ്ങളുടെ സൗഹൃദം എങ്ങനെ മികച്ചതാണെന്ന് പറയാൻ കഴിയുമെന്നാണ് സൈബർ ലോകം ചോദിക്കുന്നത്.
മന്ത്രിമാരെ ട്രോളികൊണ്ടാണ് സൈബർ ലോകം ഇപ്പോൾ സൗഹൃദങ്ങളെ നിർവചിക്കുന്നത്. അടുത്തിടെ മന്ത്രി കെ. എം ഷാജി യാത്ര ചെയ്യാനായി അത്യാഢംബര വാഹനമായ റേഞ്ച് റോവർ ഉപയോഗിക്കുന്നത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ആഢംബര വാഹനത്തിൽ 13–ാം നമ്പർ പതിപ്പിച്ചുള്ള തന്‍റെ യാത്രയ്ക്ക് സർക്കാരിൽ നിന്നും ഒരു രൂപ പോലും വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാരിൽ നിന്നും കിട്ടിയത് കണ്ടം ചെയ്ത വണ്ടിയായത് കൊണ്ടാണ്, നഷ്ടമെന്ന് അറിഞ്ഞിട്ടും നാട്ടിലോടാൻ തന്‍റെ സുഹൃത്തിന്‍റെ പഴയ വണ്ടി ഉപയോഗിച്ചത്. വാഹനം തന്‍റേതല്ലെന്ന കാര്യം ഏതൊരാൾക്കും പരിശോധിച്ചാൽ മനസിലാവുമെന്നും ആരെങ്കിലും കൈകാട്ടി വിളിച്ചാൽ പെട്ടെന്ന് വണ്ടിയിൽ കയറുന്ന ആളല്ല താനെന്നും കെ.എം. ഷാജി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കുടുംബവും നടത്തിയ അമേരിക്കൻ സന്ദർശനവും വിവാദമായിരുന്നു. എന്നാൽ ഷിക്കാഗോയിൽ സുഹൃത്തിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണെന്നും ചെലവ് വഹിക്കുന്നത് സംഘാടകരാണെന്നും ആഭ്യന്തര മന്ത്രി വിശദീകരിച്ചു. ജയ്ഹിന്ദ് ടിവിയുടെ ആദ്യ കാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതെല്ലം ചേർത്തുവെച്ചാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച ആരംഭിച്ചിരിക്കുന്നത്. റേഞ്ച് റോവറും വിമാന യാത്രകളും സമ്മാനിക്കുന്ന സുഹൃത്തുക്കളെ എന്തുകൊണ്ടാണ് തിരശീലക്കു മുന്നിൽ കൊണ്ടുവരാത്തതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. എന്തുതന്നെയായാലും ഈ അജ്ഞാത സുഹൃത്തുക്കൾ ട്രോളർമാരുടെ ഇടയിൽ ഹിറ്റാണ്.