പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡിയുടെ കത്തിലെ തുടര്‍നടപടിയില്‍ ഉടന്‍ നിയമോപദേശം ലഭിച്ചേക്കും. ഇന്നോ നാളെയോ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സിന് അന്വേഷണം കൈമാറാനാണ് ആലോചന.

ഗുരുതര ആരോപണങ്ങളുന്നയിച്ച് ഇ.ഡി കത്ത് നല്‍കിയിട്ട് ഇന്ന് പതിനൊന്നാം ദിവസമാണ്. നീണ്ടുപോയ തുടര്‍നടപടി ഇനി അധികം വൈകില്ലെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിയമോപദേശം വേഗത്തിലാക്കാനുള്ള അനൗദ്യോഗിക നിര്‍ദേശം അഡ്വക്കേറ്റ് ജനറലിന് ആഭ്യന്തരവകുപ്പ് നല്‍കി. അതിനാല്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഹവാല ഇടപാടും 20.5 കോടിയുടെ അനധികൃത സമ്പാദ്യവും ഉള്‍പ്പടെ മുഹമ്മദ് റിയാസിനെതിരെയുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. കേസെടുത്ത് അന്വേഷിക്കാനുള്ള നിയമസാധുതയുണ്ടെന്നും വിലയിരുത്തുന്നു. അങ്ങിനെയെങ്കില്‍ വീണയും റിയാസിന്‍റെ സുഹൃത്തുക്കളും പ്രതിയാകും. എന്നാല്‍ 3.28 കോടി വീണ വഴി സി.എം.ആര്‍.എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പിണറായിക്കെതിരായ ആരോപണത്തിന് തെളിവുകളുടെ കുറവുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം തെളിവ് ലഭിച്ചാല്‍ മാത്രം കേസ് എന്ന് ആലോചിക്കുന്നുണ്ട്. നിയമോപദേശം ലഭിച്ച ശേഷം അന്തിമതീരുമാനമെടുക്കും. അതിനിടെ മുഖ്യമന്ത്രി ഇനി തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തെത്തുന്നത്. നിയമോപദേശം ലഭിച്ചാലും നടപടി തീരുമാനം അടുത്ത ആഴ്ചത്തേക്ക് നീളാനും സാധ്യതയുണ്ട്.