എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുവിട്ട 'റെഡ് ബുക്കി'ലെ വിവരങ്ങൾ തന്നെയും കുടുംബത്തെയും ബോധപൂർവം പൊതുസമൂഹത്തിനു മുന്നിൽ മോശക്കാരാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പി.എ.മുഹമ്മദ് റിയാസ്. സിപിഎം വിശാല സംസ്ഥാന സമിതി യോഗം നടക്കുന്ന ദിവസംതന്നെ ഇത്തരം വിവരങ്ങൾ പുറത്തുവിട്ടതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇതിനെതിരെ നിയമപരമായ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദേശീയതലത്തിൽ അവാർഡ് നൽകാൻ അർഹതയുള്ള രീതിയിൽ നന്നായി എഴുതിയ തിരക്കഥയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഇഡി ഉന്നയിച്ച ഹവാല ആരോപണങ്ങൾ മുൻപുതന്നെ പൊളിഞ്ഞുപോയതാണെന്ന് റിയാസ് വ്യക്തമാക്കി. 'നമ്മൾ ബേപ്പൂർ' എന്ന വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടുകൾക്കുള്ളതാണെന്ന ഇഡി കണ്ടെത്തൽ ഹാസ്യാസ്പദമാണ്. ബേപ്പൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രൂപീകരിച്ചതാണ് ഈ ഗ്രൂപ്പ്.
ഭാര്യ വീണ ഇഡിക്കു മുന്നിൽ കള്ളപ്പണ ഇടപാടുകൾ സമ്മതിച്ചെന്ന വാദം പൂർണമായും തെറ്റാണ്. മൂന്നു തവണ ചോദ്യം ചെയ്തപ്പോഴും ഹവാല ഇടപാടുകളെക്കുറിച്ച് ഇഡി ഒരക്ഷരം പോലും ചോദിച്ചിട്ടില്ല. കേസിന്റെ ഭാഗമായി രേഖകളിൽ ഒപ്പിട്ടു നൽകുന്നത് കുറ്റസമ്മതമല്ലെന്നും അങ്ങനെ വാദിക്കുന്നുണ്ടെങ്കിൽ വീണ നൽകിയ മുഴുവൻ മൊഴിയും ഇഡി പുറത്തുവിടണമെന്നും റിയാസ് വെല്ലുവിളിച്ചു.
ഭാവിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ് സംബന്ധിച്ച കണക്കുകളും കുറിപ്പുകളുമാണ് ബുക്കിലുള്ളതെന്നും ഇത്തരത്തിൽ കുറിച്ചുവയ്ക്കുന്ന സാധാരണ കാര്യങ്ങളെ കേസുമായി ബന്ധിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീണയ്ക്ക് ഹവാല ഇടപാടുണ്ടെന്ന വാദം അസംബന്ധമാണെന്നും എല്ലാ രാഷ്ട്രീയ ആരോപണങ്ങൾക്കും മറുപടി പറയാനില്ലെന്നും കൃത്യമായ തെളിവുകളോടെ നിയമപരമായിത്തന്നെ കേസിനെ നേരിടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.