cpm-criticism
  • 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' എന്ന മുദ്രാവാക്യവും പാർട്ടിക്കും സർക്കാരിനും വലിയ തിരിച്ചടിയായെന്ന് സിപിഎം പൊതുചർച്ചയിൽ വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെയും ഭരണപരമായ തിരിച്ചടികളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം. തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പ് തോൽവികൾ ഉണ്ടായിട്ടും സംസ്ഥാനത്ത് യഥാസമയം ഇടപെടാതിരുന്നത് കേന്ദ്രനേതൃത്വത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് പൊതുചർച്ചയിൽ വിലയിരുത്തലുണ്ടായി.

ഒപ്പം, നിയമസഭാ തിരഞ്ഞെടുപ്പിലെ വ്യക്തികേന്ദ്രീകൃത പ്രചാരണ രീതികളും 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന പ്രചാരണ വാചകവും പാർട്ടിക്ക് വൻ തിരിച്ചടിയായെന്ന് പ്രതിനിധികൾ കടുപ്പിച്ചു പറഞ്ഞു. പത്തുവർഷത്തെ തുടർഭരണം പാർട്ടിയെ ആശയപരമായി തകർത്തെന്നും ഭരണം നിലനിർത്താൻ പ്രത്യയശാസ്ത്രം ബലികഴിച്ച് പാർലമെന്ററി രാഷ്ട്രീയത്തിനു മുൻഗണന നൽകിയെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുയർന്നു.

എല്ലാം സർക്കാർ നൽകുമെന്ന തോന്നൽ ഉണ്ടാക്കിയതും വർഗ ബഹുജന സംഘടനകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതും തിരിച്ചടിയായെന്ന് വിവിധ ജില്ലാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ ഒൻപതു ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ നിലപാടെടുത്തു. ഇതിനുപുറമെ, മുസ്‌ലിം ലീഗിനോടുള്ള പാർട്ടിയുടെ സമീപനത്തിൽ മലപ്പുറം ജില്ലയിൽനിന്നുള്ള പ്രതിനിധികൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടി നേതാക്കൾ മലപ്പുറത്തെത്തുമ്പോൾ ലീഗിനോട് മൃദുസമീപനം കാണിക്കുന്നുണ്ടെന്നും ലീഗിനെ ശക്തമായി കടന്നാക്രമിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും ഇവർ ആവശ്യപ്പെട്ടു.

പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങളും നിർദേശങ്ങളും പരിഗണിച്ച് തെറ്റുതിരുത്തൽ രേഖ പുതുക്കാൻ രാത്രി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൂടുതൽ തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പുതുക്കിയ മാർഗരേഖ ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സമിതിക്കു മുന്നിൽ അവതരിപ്പിച്ച് അംഗീകാരം നേടും.

തുടർന്ന് വിശാല സമിതിയിലെ ചർച്ചകൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി നൽകും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ വിശാല സംസ്ഥാന സമിതി യോഗം സമാപിക്കും. കോഴിക്കോട്ട് അംഗീകരിക്കുന്ന പുതിയ രാഷ്ട്രീയ-സംഘടനാ രേഖ താഴെത്തട്ടിലുള്ള വിശാല കമ്മിറ്റികൾ വിളിച്ച് റിപ്പോർട്ട് ചെയ്യാനാണ് പാർട്ടി തീരുമാനം.

ENGLISH SUMMARY:

A broad state committee meeting of the CPM witnessed sharp criticism against the person-centric election campaign adopted during the recent Kerala Assembly elections. Delegates pointed out that the hyper-focused campaign around individual leadership and slogans like "Who else but LDF" severely backfired and damaged both the party and the government. District representatives further alleged that ten consecutive years of power eroded the organizational strength by rendering class and mass organizations inactive. Following the intense debate, the CPM state secretariat decided to revise its rectificatory guidelines, which will be approved by the state committee and reported down through lower-level party forums.