തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച സംഘടനാ ദൗര്‍ബല്യങ്ങള്‍ വിശാല സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത്  തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്‍. പ്രാദേശിക പ്രശ്നങ്ങളിലടക്കം സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് തിരുത്തും. കരട് റിപ്പോര്‍ട്ടിലെ തിരുത്തല്‍ സ്വാഭാവികമെന്നും അംഗീകരിച്ചത് ഏകകണ്ഠമായാണെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

 

Also read: പാർട്ടിക്ക് വീഴ്ച സംഭവിച്ചു; തിരുത്തി മുന്നോട്ട് പോകും: എം.എ. ബേബി

 

പാര്‍ട്ടിയുടെ തിരിച്ചുവരവിനായി സര്‍വതല സ്പര്‍ശിയായ തിരുത്തല്‍ പ്രക്രിയ കൊണ്ടുവരും. തിരുത്തല്‍ വരുത്തേണ്ടവരെല്ലാം തിരുത്തണം. ഇത് മൂന്ന്് മാസം കൂടുമ്പോള്‍ പാര്‍ട്ടി പരിശോധിക്കും. ഏത് തരം തിരുത്തലെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ  തുറന്ന വിമർശനത്തിന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആഹ്വാനം ചെയ്തു. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന്  ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണ വിവാദം കാര്യമായി പരാമർശിച്ചില്ല.

 

ജനവിശ്വാസം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യവുമായുള്ള സിപിഎം രേഖ വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. വീഴ്ചകളിലെ സ്വയം വിമർശനവും പരിഹാരമാർഗങ്ങളും ഉൾപ്പെടുന്ന രേഖയാണ് മൂന്നുദിവസത്തെ വിശാല സമിതി ചർച്ചചെയ്ത് അംഗീകരിക്കുക. വിമർശനവും സ്വയം വിമർശനവും അടിസ്ഥാനമാക്കി ചർച്ചകൾ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സമിതിയംഗങ്ങൾക്ക് നിർഭയമായി അഭിപ്രായം പറയാം എന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി  . ഇ.ഡി അന്വേഷണം ചർച്ച ചെയ്യാൻ അല്ല വിശാല സംസ്ഥാന സമിതി ചേരുന്നതെന്ന് ഇ പി ജയരാജൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

CPM state committee will address and correct organizational weaknesses that led to the election defeat, as announced by State Secretary M.V. Govindan. The party aims to implement a comprehensive reform process to regain public trust and will monitor corrective actions every three months.