ചെറിയ പരിഷ്കാരങ്ങളിലൂടെ സംസ്ഥാനത്ത ഏറ്റവും സംഘര്‍ഷഭരിതമായ ടോള്‍ പ്ലാസകളില്‍ ഒന്നെന്ന ചീത്തപേര് മാറ്റിയെടുത്തിരിക്കുകയാണു കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസ. നീണ്ട വാഹന കുരുക്കോ യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കങ്ങളോ കഴിഞ്ഞ രണ്ടുമാസമായി ടോള്‍ പ്ലാസയില്‍ കാര്യമായ തോതില്‍ ഉണ്ടായിട്ടില്ല. കരാര്‍ കമ്പനികള്‍ മനസുവെച്ചാല്‍ തീരാവുന്നതെയൊള്ളൂ ടോള്‍ പ്ലാസയിലെ സംഘര്‍ഷങ്ങളും പ്രശ്നങ്ങളെന്നും തെളിയിക്കുകയാണ് പന്തീരങ്കാവ്
നിത്യആചാരം പോലെ പന്തീരങ്കാവ് ടോള്‍ പ്ലാസയില്‍ നടന്നിരുന്ന കലാപരിപാടിയായിരുന്നു അടി, ഇടി കേസുകള്‍. കാലം മാറിയതോടെ കഥയും മാറി. ഇപ്പോള്‍ വന്‍തിരക്ക് അനുഭവപെടുന്ന വൈകീട്ടത്തെ കാഴ്ച പോലും ശാന്തം. ആദ്യമാറ്റം ആകാശനീലക്കുപ്പായക്കാരാണ്. നഗരത്തില്‍ വിന്യസിച്ച ട്രാഫിക് വാര്‍ഡന്‍മാരുടെ സേവനം ടോള്‍ ബൂത്തിലുണ്ട്. വാഹനങ്ങളെ നിയന്ത്രിക്കുക മാത്രമല്ല ടോള്‍ ബൂത്ത് ജീവനക്കാരും യാത്രക്കാര്‍ക്കും ഇടയിലെ കണ്ണികൂടിയാണിവര്‍. പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കാനും തിരക്കില്ലാത്ത ട്രാക്കുകളിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടുന്നതും ട്രാഫിക് വാര്‍ഡന്‍മാരാണ്
Also read: ‘ടോള്‍ ബൂത്തില്‍ രണ്ട് കി.മി നീണ്ട ഗതാഗതക്കുരുക്ക്; 15 മിനിറ്റ് കൊണ്ട് പരിഹരിച്ചു’
മഞ്ഞവരയ്ക്കപ്പുറത്തേക്ക് വാഹന നിരയെത്തിയാല്‍ നിലവില്‍ കരാറുകാരന്‍ തന്നെ ടോള്‍ ബൂത്ത് തുറന്നു നല്‍കും. വൈകിയാല്‍ ട്രാഫിക് വാര്‍ഡന്‍മാരെത്തി വാഹനങ്ങളെ കടത്തിവിടും. മനപ്പൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നതും ഫാസ്ടാഗോ യു.പി.ഐ. ഇടപാടിനുള്ള സൗകര്യമോ ഇല്ലാത്തവരും ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് നിലവിലുള്ളത്.
കുരുക്കൊഴിവായെങ്കിലും തിരക്ക് കൂടുമ്പോള്‍ പിരിവ് നിലയ്ക്കുന്നതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടെന്നാണു ടോള്‍ കമ്പനിയുടെ വാദം. ഇനി ടോള്‍ നല്‍കാതെ അതിബുദ്ധി കാട്ടുന്നവരില്‍ നിന്ന് ഇരട്ടിയാണ് പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്നത്. ഇതിനായി ദേശീയപാത അതോറിറ്റി സി.സി.ടി.വി ദൃശ്യങ്ങള്‍ ദിവസും മോട്ടോര്‍ വാഹന വകുപ്പിനു കൈമാറുന്നുണ്ട്.