• കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്

മുഖ്യമന്ത്രി വി.ഡി. സതീശന് എതിരായ ‘മര്യാദക്ക് സംസാരിക്കണം’ ലേഖനത്തിൽ വിശദീകരണവുമായി സമസ്ത മുഖപത്രം. ഞായറാഴ്ച പത്രത്തിൽ പ്രത്യക്ഷപ്പെട്ടത് എഡിറ്റോറിയൽ ലേഖനമല്ലെന്നും 'വ്യക്തിവിചാരം' എന്ന പംക്തിയാണെന്നും മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ. പ്രസ്തുത കുറിപ്പ് എഡിറ്റോറിയൽ ആയി തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം വിശദീകരണ വിഡിയോയില്‍ പറയുന്നു. പ്രസ്തുത ലേഖനത്തിന്‍റെ തലക്കെട്ട് മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. അത് പത്രത്തിന്റെ ഭാഷയോ നിലപാടോ അല്ലന്നും മാനേജിങ് എഡിറ്റർ വിശദീകരിച്ചു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചത് സമസ്‍തയിൽ കടുത്ത ഭിന്നാഭിപ്രായം ഉണ്ടാക്കിയ സാഹചര്യത്തിൽ ആണ് വിശദീകരണം.

കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് കുരുടന്‍ ആനയെ തൊട്ടതു പോലെ മാത്രമാണെന്നും മുന്‍പ് ശബരിമലയില്‍ യുവതീപ്രവേശത്തെ എതിര്‍ത്ത നേതാവാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും ലേഖനം ആരോപിച്ചിരുന്നു. കാന്തപുരം പറഞ്ഞത് വിശ്വാസി സമൂഹത്തോടാണെന്നും സതീശന് ലഭിക്കുന്ന പിന്തുണ, ഇസ്​ലാമിലെ സ്ത്രീകളെ കുറിച്ച് ധാരണയില്ലാത്തവരില്‍ നിന്നാണെന്നും ലേഖനത്തിലുണ്ട്. 

ഇതിന് പുറമെ മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതും പിഎം ശ്രീയില്‍ താല്‍പര്യം കാണിച്ചതും വി.ഡി.സതീശന്‍റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും മുസ്​ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പേര് മാറ്റിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മുഖ്യമന്ത്രിയിപ്പോള്‍ നടത്തുന്നതെന്നും ലേഖനം ആരോപിച്ചിരുന്നു. വലിയ വിമര്‍ശനവും ഭിന്നതയുമാണ് ലേഖനത്തെ ചൊല്ലി സമസ്തയിലുണ്ടായത്. തുടര്‍ന്നാണ് വിശദീകരണ വിഡിയോ. 

ENGLISH SUMMARY:

The Samastha mouthpiece, Suprabhatham, has issued a clarification regarding a controversial article titled 'Maryadaykku Samsarikkanam' (Should Speak Respectfully) directed against Leader of the Opposition V.D. Satheesan. Managing Editor T.P. Cherooppa stated in a video response that the article was not an official editorial, but rather a weekly column titled 'Vyakthivicharam', which was misinterpreted as the newspaper's official editorial stance. He clarified that the article's headline merely quoted a phrase used by the Leader of the Opposition and did not reflect the newspaper's language or policy position. The clarification came amidst internal dissent within Samastha over the harsh criticism leveled against V.D. Satheesan following his public disagreement with Kanthapuram A.P. Aboubacker Musaliar's remarks on women's freedom.