Bochasanwasi Akshar Purushottam Swaminarayan Sanstha monks take part in a religious ceremony in front of the Eiffel Tower

  • ബോചന്‍വാസി അഷ്കര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ (BAPS) സംഘാംഗങ്ങളായ 100 പേര്‍ ശനിയാഴ്ച ഐഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം

ക്ഷേത്ര പ്രതിഷ്ഠ​യ്​ക്കെത്തിയ ഹൈന്ദവസംഘടനാ പ്രതിനിധികള്‍ ഐഫല്‍ ടവര്‍ സന്ദര്‍ശിച്ചപ്പോള്‍ വനിതാ ജീവനക്കാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിലും പുരുഷ ജീവനക്കാരെ പകരം നിയോഗിച്ചതിലും ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം. ലിംഗവിവേചനത്തില്‍ പ്രതിഷേധിച്ച് ടവര്‍ അടച്ചിട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചു. ബോചന്‍വാസി അഷ്കര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ (BAPS) സംഘാംഗങ്ങളായ 100 പേര്‍ ശനിയാഴ്ച ഐഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. വനിതകള്‍ കാഴ്ചയില്‍പ്പെടരുതെന്ന് നിര്‍ദേശമുണ്ടായെന്നും യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചു. 

ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ അധ്യക്ഷന്‍ മഹന്ത് സ്വാമി മഹാരാജ് ഐഫല്‍ ടവറിന് മുന്നില്‍

'സംഘത്തിന്‍റെ സന്ദര്‍ശന സമയത്ത് വനിതാ ജീവനക്കാരോട് മാറി നില്‍ക്കാനും പുരുഷന്‍മാരോട് അവര്‍ക്ക് പകരം നില്‍ക്കാനും ആവശ്യപ്പെട്ടു'- യൂണിയന്‍ പ്രതിനിധി ഡയാന ഡവിയന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഈ നടപടി ജീവനക്കാരില്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണ് മാനേജ്മെന്‍റുമായി സംസാരിക്കാനും  ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങാനും തീരുമാനിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്‍റെ ഭാഗമായി ജീവനക്കാര്‍ ടവര്‍ അടച്ചിടുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ മാനേജ്മെന്‍റ് ഖേദം പ്രകടിപ്പിച്ചു. 

അതേസമയം, ഐഫല്‍ ടവര്‍ സന്ദര്‍ശിച്ചത് ഒരു തരത്തിലുള്ള തടസവും സൃഷ്ടിക്കാതെയാണെന്നാണ് BAPS സംഘത്തിന്‍റെ വാദം. പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കാതിരിക്കാന്‍ ഐഫല്‍ ടവര്‍ തുറന്ന സമയത്ത് തന്നെ സന്ദര്‍ശനത്തിനെത്തി മടങ്ങിയെന്നും മറ്റ് വിവാദങ്ങളെ കുറിച്ച് അറിയില്ലെന്നും എക്സ് പോസ്റ്റില്‍ സംഘം പ്രതികരിച്ചു. 

ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഐഫല്‍ ടവര്‍ അടച്ചിട്ടനിലയില്‍

അതേസമയം, ലിംഗവിവേചന ആരോപണത്തില്‍ പാരിസ് മേയര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും നാടിന്‍റെ സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുതരത്തിലുമുള്ള വിവേചനങ്ങള്‍ പാരിസില്‍ അനുവദിക്കില്ലെന്നും അതുറപ്പാക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഐഫലിലുണ്ടായ സംഭവത്തില്‍ ഫ്രഞ്ച് നാഷനല്‍ അസംബ്ലി പ്രസിഡന്റ് നടുക്കം രേഖപ്പെടുത്തി. 'സന്ദര്‍ശകരെ സ്വീകരിക്കുകയെന്നാല്‍ നമ്മുടെ സംസ്കാരം അടിയറവ് വയ്ക്കുകയെന്നല്ല. ഫ്രാന്‍സില്‍ സ്ത്രീകള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് പൊതുജീവിതത്തില്‍ ഇടപെടുന്നത്. അവരോട് അപ്രത്യക്ഷമാകാന്‍ ആരും ആവശ്യപ്പെടാറില്ല. അത്തരം ആവശ്യം വകവയ്ക്കേണ്ടതുമല്ല'- യേല്‍ ബ്രൗണ്‍ എക്സില്‍ കുറിച്ചു.

ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ അംഗങ്ങള്‍ ബോട്ടില്‍ ഐഫല്‍ ടവറിന് മുന്നിലൂടെ പോകുന്നു

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വെര്‍ച്വലായി പാരിസിലെ സ്വാമിനാരായണ്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഈ ക്ഷേത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ പ്രതീകമായി നൂറ്റാണ്ടുകളോളം നിലകൊള്ളുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അവസരം ലഭിച്ചാല്‍ ഭാവിയില്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഫല്‍ ടവര്‍ സന്ദര്‍ശനവിവാദം.

ENGLISH SUMMARY:

Staff at the Eiffel Tower staged a strike and temporarily closed the iconic monument in protest against alleged gender discrimination during a visit by a 100-member BAPS Hindu organization delegation. Trade union representatives claimed that female employees were asked to step aside and be replaced by male staff so they would not be visible to the group. Following widespread outrage, the tower management expressed regret, while the Mayor of Paris ordered an investigation into the incident, condemning it as unacceptable and contrary to French values. In response, BAPS stated on social media that their visit was conducted without causing disruption, while French leaders emphasized that public equality and women's rights must strictly be upheld.