ഡൽഹിയിൽ മണിപ്പുരി സംഗീതജ്ഞൻ സി. വിക്രം സിങ് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റ് മരിച്ചു.  കിഴക്കൻ ഡൽഹിയിലെ കിലോകരിയിലാണ് സംഭവം. വീടിന് സമീപത്തെ ബഹളത്തെ സിങ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ചേർന്നാണ് മർദിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.  15 നും 36 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.

സംഘം ഉച്ചത്തിൽ പാട്ടുവയ്ക്കുകയും സംസാരിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനെ സിങ് എതിർത്തിരുന്നു. തുടർന്ന് തർക്കമുണ്ടായി. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ സിങ്ങിനെ മകനാണ് ആശുപത്രിയിലെത്തിച്ചത്. ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എല്ലാ പ്രതികളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.

ഇംഫാലില്‍ നിന്നുള്ള ഗിത്താറിസ്റ്റും സംഗീത അധ്യാപകനുമായിരുന്നു വിക്രം സിങ്. വിക്രമിന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്, കുറ്റക്കാര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബത്തിന് നീതി നല്‍കണമെന്നും പറഞ്ഞു.

ENGLISH SUMMARY:

A 54-year-old Manipuri musician, C. Vikram Singh, was beaten to death in Kilokari, East Delhi, after opposing loud music playing at night. According to police, Singh confronted a group of delivery workers and dhaba staff who were creating a disturbance near his home. The verbal altercation escalated into a violent assault, leaving Singh critically injured before his son rushed him to the Holy Family Hospital, where he later succumbed to his injuries. Authorities have registered a murder case and taken all suspects, including minors, into custody as the investigation continues.