പിണറായി വിജയന്‍റെ സമീപനത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിന് അതൃപ്തി. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് പിണറായി സംസാരിക്കുന്നതെന്ന വികാരം നേതൃത്വത്തിൽ ശക്തമാണ്. പിണറായിയുടെ നിലപാടിൽ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾക്കും അമർഷമുണ്ട്.
കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ കേന്ദ്ര കമ്മിറ്റി നടത്തിയ അവലോകനത്തിൽ പാർട്ടിക്കുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി പിണറായി കേന്ദ്രീകൃതമായതും സംഘടനാ ദൗർബല്യങ്ങളും ജനങ്ങളിൽനിന്നുള്ള അകൽച്ചയും ഉൾപ്പെടെ വിവിധ വിഷയങ്ങൾ അവലോകനത്തിൽ ഉയർന്നിരുന്നു. എന്നാൽ, കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടിയ വീഴ്ചകൾ പിണറായി പൂർണമായി അംഗീകരിക്കുന്നില്ലെന്നാണ് നേതൃത്വത്തിലെ വിമർശനം.
കൂടാതെ അണികളെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പിണറായിയുടെ പ്രതികരണങ്ങളും വിശദീകരണങ്ങൾ വഷളാക്കുന്നതായി കേന്ദ്രനേതൃത്വം വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകളിലും കൂടുതൽ വ്യക്തത വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ആവശ്യം. പാർട്ടി വീഴ്ചകളുടെ ഉത്തരവാദിത്തം താഴേത്തട്ടിലേക്ക് മാത്രം ചുരുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടും നേതൃത്വത്തിലുണ്ട്.
സിപിഎം തളിപ്പറമ്പ് മണ്ഡലത്തിലെ ആദ്യ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്‍റെ അണികളെ കുറ്റപ്പെടുത്തല്‍. തളിപ്പറമ്പിലെ തോൽവിയില്‍ തെറ്റ് ചെയ്തവർ അണികൾ ആണെന്നും നിങ്ങൾ ആരെയാണ് വിശ്വാസത്തിൽ എടുത്തതെന്നും പിണറായി ചോദിച്ചു. തെറ്റ് പറ്റിയത് സ്ഥാനാർത്ഥി നിർണയത്തിൽ അല്ല, വോട്ട് ചെയ്ത അണികൾക്കാണ് എന്നായിരുന്നു പിണറായി പറഞ്ഞതിന്റെ ചുരുക്കം. തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ തയ്യാറാകണം. പാർട്ടിയെ പരാജയപ്പെടുത്താൻ മാത്രം വീഴ്ച പാർട്ടിക്ക് ഉണ്ടായിട്ടില്ല എന്നും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി പറയുകയുണ്ടായി. പിണറായി വിജയൻ അണികളെ പഴിക്കുമ്പോൾ സ്ഥാനാർഥി നിർണയം പാളി എന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാക്കുകള്‍.