chenthi-anil-supsend
  • സംഭവത്തിന് പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി നേതൃത്വം വ്യക്തമാക്കി.

മുഖ്യമന്ത്രിയെ തടഞ്ഞ കേസിലെ പ്രതി ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. സസ്പെ‍ന്‍ഡ് ചെയ്യാനായിരുന്നു കെപിസിസി നിര്‍ദേശമെങ്കിലും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിവരം വന്നതോടെ പുറത്താക്കുകയായിരുന്നു. ഡിഡിസി അംഗമായിരുന്നു അനില്‍. ചേന്തിയിലെ ശ്രീനാരായാണ ഗുരു ജയന്തി പരിപാടിയില്‍  പങ്കെടുക്കാമെന്ന് പറഞ്ഞിട്ട്, എത്തിയില്ലെന്ന് ആരോപിച്ചാണ് അനില്‍ മുഖ്യമന്ത്രിയെ തടഞ്ഞത്. 

ചേന്തി അനില്‍ റൗ‍ഡി ലിസ്റ്റില്‍പ്പെട്ടയാളെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ തട‍ഞ്ഞു. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും ജോലി തടസ്സപ്പെടുത്തി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ശ്രീകാര്യം, തുമ്പ, മെഡി.കോളജ് സ്റ്റേഷനുകളില്‍ ചേന്തി അനിലിനെതിരെ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.  

Also Read: ‘മുഖ്യമന്ത്രി പെട്ടെന്ന് വയലന്റായി, വരില്ലെന്ന് പറഞ്ഞു’; വിശദീകരണവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

തനിക്കെതിരായ കേസ് പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ അനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസുകാർക്ക് ഇതൊക്കെ തന്നെ വരണം. പത്തുവർഷം കഴിഞ്ഞ് പാർട്ടി ഭരണത്തിൽ വന്നില്ലേയെന്നും അനില്‍ പറഞ്ഞു. 

ചേന്തിയില്‍ പരിപാടിക്കെത്തില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം അനില്‍ തള്ളി.  തലേന്നും സ്പെഷൽ ബ്രാഞ്ച് പരിശോധന നടത്തിയെന്നും അനില്‍. ചേന്തി അനിലിന്റെ അറസ്റ്റ് പ്രതിഷേധാര്‍ഹമെന്ന് ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ രീതി ശരിയല്ല. കേസെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞതാണെന്നും പിന്നെ കേസും അറസ്റ്റും ആരുടെ നിര്‍ദേശപ്രകാരമാണെന്നും സുഹൈല്‍ ചോദിച്ചു. 

ചേന്തിയില്‍ മുഖ്യമന്ത്രിയെ തടഞ്ഞത് സംസ്കാരമില്ലായ്മെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. പരിപാടിയിലേക്ക് തനിക്കും ക്ഷണമുണ്ടായിരുന്നു. ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്. മുഖ്യമന്ത്രിയെ തടഞ്ഞാല്‍ പൊലീസ് നടപടിയെടുക്കും. സംഭവത്തിൽ പാർട്ടി നടപടിയെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ചേന്തി അനിലിന്റെ അറസ്റ്റില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. 

ENGLISH SUMMARY:

Chendi Anil, the Congress leader arrested for blocking Chief Minister VD Satheeshan during a public event, is listed as a rowdy-sheeter according to the police remand report. Authorities stated that the accused intended to insult and threaten the Chief Minister in public while obstructing official duties. In response to the incident, the Congress party has suspended Anil from its primary membership, though he claims the charges are a result of internal party factionalism. Meanwhile, senior leaders and cabinet ministers have condemned the disruption, asserting that law enforcement will take strict and appropriate action.