സുകുമാര കുറുപ്പ് ബ്രൂണയിലെന്ന പ്രചാരണം തെറ്റായ വിവരമെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. പുറത്തുവന്ന ഫോട്ടോയിലുള്ളത് ദാമോദര മേനോനെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. വ്യാജ വിവരങ്ങള്‍ പുറത്തുവിട്ടവരുടെ മൊഴിയെടുക്കും. തല്‍ക്കാലം വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കില്ല. ബ്രൂണെയിലെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിന് നോട്ടിസ് നല്‍കണോ എന്നതില്‍ ഡിജിപിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കും. അതേസമയം, കുറുപ്പ് മരിച്ചെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം.
Also Read: സുകുമാര കുറുപ്പ് മരിച്ചു? അന്വേഷണം അവസാനിപ്പിക്കുന്നു
സുകുമാര കുറുപ്പിന് നിലവില്‍ റെഡ് കോർണർ നോട്ടീസുണ്ട്. വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ തടഞ്ഞുവയ്ക്കാനുള്ള അറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ സുകുമാര കുറുപ്പിന്റെ കേസ് സജീവമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ആള്‍ക്കുവേണ്ടി ബ്രൂണെയിലേക്ക് പോയി അന്വേഷിക്കണമോ എന്ന ആശയകുഴപ്പമാണ് കേസില്‍ നിലനിന്നിരുന്നത്. ബന്ധുക്കളുടെ മൊഴിയെടുത്തും പാസ്പോര്‍ട്ട് വിവരം ശേഖരിച്ചും അത് ദാമോദര മേനോൻ ആണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. അതിനാല്‍ ബ്രൂണെയിലേക്ക് ഇനി അന്വേഷണം ആവശ്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.
Also Read: അത് കുറുപ്പല്ലെന്ന് ഉറപ്പിച്ച് പൊലീസ്; ദാമോദര മേനോന്‍ നാട്ടിലേക്ക് മടങ്ങുന്നു
ഇന്റർപോളിന് കത്ത് കൊടുക്കും എന്ന് ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരത്തിലൊരു ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തില്‍ കത്ത് കൊടുക്കണോ വേണ്ടയോ എന്ന് ഡിജിപിയോടും ആഭ്യന്തര മന്ത്രിയോടും ചോദിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. അതേസമയം, സുകുമാര കുറുപ്പ് മരിച്ചു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഉറച്ചുനില്‍ക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Also Read: സുകുമാര കുറുപ്പല്ല, അത് ദാമോദര മേനോന്‍, തൃശൂര്‍ സ്വദേശി; സുകുമാര കുറുപ്പ് കേസില്‍ വീണ്ടും ട്വിസ്റ്റ്
ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്‍റെ ആലോചന. 40 വയസില്‍ കുറുപ്പ് ഹൃദ്രോഗിയായിരുന്നു എന്ന് നഴ്സായ രത്നമ്മ പൊലീസിന് നല്‍കിയിരുന്നു. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കുറുപ്പിന്‍റെ ഭാര്യ ഉള്‍പ്പടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോളും കുറുപ്പുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്കെത്തുന്നത്.