നാലര പതിറ്റാണ്ടായി കേരള പൊലീസിനെ വലയ്ക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച് തുടങ്ങിയ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. Also Read: കുറുപ്പിന്റെ കേസ് ഡയറിയിൽ ജീവിച്ചിരിപ്പില്ല എന്ന് എഴുതിയത് ഞാൻ, അടഞ്ഞ അധ്യായം: ജോർജ് ജോസഫ്
1984 ജനുവരി 22ന് പുലര്‍ച്ചെയാണ് സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളി കേരളത്തെ ഞെട്ടിക്കുന്നത്. സ്വന്തം പേരിലുള്ള ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാനായി, താന്‍ മരിച്ചുവെന്ന് വരുത്താനായി, നിരപരാധിയായ ചാക്കോയെ ശ്വാസംമുട്ടിച്ച് കൊന്ന് കാറിലിട്ട് കത്തിച്ചു. കേസിലെ മറ്റ് നാല് പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടേയെന്ന് കണ്ടെത്താന്‍ പോലും പൊലീസിനായിട്ടില്ല.
വര്‍ഷങ്ങളോളം പൊടിതട്ടിയിരുന്ന സുകുമാരക്കുറുപ്പിന്‍റെ കേസ്, തീരുമാനമാകാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് രണ്ട് മാസം മുന്‍പ് വീണ്ടും തുറന്നു. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴി, അതിന്‍റെ ഭാഗമായി എടുത്തതാണ് കുറുപ്പ് മരിച്ചുവെന്ന സൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
രത്നമ്മ ജോലി ചെയ്ത ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസായിരുന്ന കുറുപ്പ് അന്നേ ഹൃദ്രോഗിയായിരുന്നു. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കുറുപ്പിന്‍റെ ഭാര്യ ഉള്‍പ്പടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോളും കുറുപ്പുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്കെത്തുന്നത്. മറ്റ് ചില വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണസംഘം ഒരു മാസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമാവും കേസ് ഫയല്‍ എന്നെന്നേക്കുമായി അടക്കണോയെന്ന് അന്തിമതീരുമാനമെടുക്കുക.
Google Trending Topic: Manorama