കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന് മുന്‍പില്‍ പേര് നിര്‍ദേശിക്കാതെ, ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ കേരള നേതാക്കള്‍. നാളെ ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കിടെ ഹൈക്കമാന്‍ഡുമായി കേരള നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും.
സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടര മാസം പിന്നിടുമ്പോഴും കെ.പി.സി.സി അധ്യക്ഷനെ നിയമിക്കാനുള്ള നടപടികളിലേക്ക് ഹൈക്കമാന്‍ഡ് കടന്നിട്ടില്ല. നേതാക്കളില്‍ നിന്ന് അഭിപ്രായം തേടല്‍ ഉള്‍പ്പെടെ നടന്നിട്ടില്ല. മന്ത്രിയായതോടെ കെ.പി.സി.സി അധ്യക്ഷ ചുമതല ഒഴിയാന്‍ അനുവദിക്കണമെന്ന ആവശ്യം സണ്ണി ജോസഫ് രണ്ടുതവണ ഹൈക്കമാന്‍ഡിന് മുന്‍പില്‍ അറിയിച്ചിട്ടുണ്ട്. അധ്യക്ഷനില്ലാത്തത് മൂലം സംഘടനാപരമായ പല തീരുമാനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയുമാണ്.
ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുക്കുക. വിശാല പ്രവര്‍ത്തക സമിതിയായതിനാല്‍ സണ്ണി ജോസഫിനെയും ക്ഷണിച്ചേക്കും. അധ്യക്ഷ സ്ഥാനം ഉറ്റുനോക്കി ഒരുപിടി എംപിമാരും ചില നേതാക്കളും ചരടുവലി നടത്തുമ്പോള്‍ പ്രാരംഭ ചര്‍ച്ചകളില്‍ കേരള നേതാക്കള്‍ പേര് ഉയര്‍ത്തിയുള്ള ചര്‍ച്ചകളിലേക്ക് കടക്കില്ല. അതിവേഗം അധ്യക്ഷനെ നിയമിക്കണമെന്ന പൊതുവികാരം മാത്രം പങ്കുവച്ച് നടപടികള്‍ക്ക് തുടക്കമിടാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. തുടര്‍ന്നുള്ള ചര്‍ച്ചകളിലാകും നേതാക്കള്‍ മനസുതുറക്കുക.
വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കും മുന്‍പ് മുന്‍ പി.സി.സി അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്‍ഡ് തേടിയിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍റെ കാര്യത്തിലും ഇതേ മാതൃകയാകും ഹൈക്കമാന്‍ഡ് സ്വീകരിക്കുക. പുതിയ അധ്യക്ഷന്‍റെ കാര്യത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ നിലപാട് നിര്‍ണായകമാകും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, ആന്‍റോ ആന്‍റണി, എംഎല്‍എ മാത്യു കുഴല്‍നാടന്‍, ജോസഫ് വാഴക്കന്‍ എന്നിവരാണ് അധ്യക്ഷ പദവി പ്രതീക്ഷിച്ച് മുന്‍പന്തിയിലുള്ളത്.