താന്‍ പാര്‍ട്ടി മാറുന്ന വിഷയം ഉദിക്കുന്നേയില്ലെന്നും അതാരും ചിന്തിക്കേണ്ടെന്നും ബിജെപി നേതാവ് പി.സി.ജോര്‍ജ്. 'തനിക്ക് ഒറ്റ തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദി തന്നെയാണ്. മാറുന്ന പ്രശ്‌നമില്ല' പി.സി.ജോർജ് പറഞ്ഞു. അതേസമയം ബി.ജെ.പിയെ വെട്ടിലാക്കിയ ഫണ്ട് വെട്ടിപ്പിലും പി.സി മലക്കം മറിഞ്ഞു. ഒരാൾക്കെങ്കിലും താന്‍ നയാപൈസ കൊടുത്തതായി തെളിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പി.സി.ജോര്‍ജ് പറയുന്നു.
‘ഒരാൾക്കെങ്കിലും ഒരു നയാപൈസ ഞാൻ കൊടുത്തതായി, ഞാൻ പറഞ്ഞിട്ട് കൊടുത്തതായി തെളിയിക്കാമെങ്കില്‍... ഞാന്‍ ആത്മഹത്യ ചെയ്യും, അതുംകൂടിയല്ലേ പറയാന്‍ പറ്റുള്ളൂ. ഞാൻ ചെയ്തിട്ടില്ല. കാരണം അതിനൊന്നും സമയമില്ല. നമ്മൾ ഓടിനടന്ന് വോട്ട് പിടിക്കുകയായിരുന്നു. കിട്ടിയ വോട്ടെല്ലാം വെറുതെ കിട്ടുമോ അത് പല കാര്യങ്ങളുമുണ്ട്. പിന്നെ ഞാൻ ബിജെപിയില്‍ ചേർന്നത് വെറുതെ ചേര്‍ന്നതല്ല. എന്‍റെ ജീവൻ രക്ഷിക്കാൻ വന്നത് ആര്‍എസ്എസ് – ബിജെപി പ്രവർത്തകരാണ്.’– പി.സി. പറഞ്ഞു.
‘തീവ്രവാദികള്‍ എന്നെ കൊല്ലാൻ വേണ്ടി വന്നപ്പോൾ, രണ്ടുപ്രാവശ്യം ഈ ആര്‍എസ്എസിന്‍റേയും ബിജെപിയുടേയും പ്രവർത്തകരാണ് എന്നെ രക്ഷിച്ചത്. എന്നെ സംരക്ഷിച്ചതിനുള്ള സ്നേഹം കൊണ്ടാണ് ഞാൻ ബിജെപിയിൽ ചേർന്നത്. എനിക്ക് ഇനി പാർട്ടി മാറുന്ന പ്രശ്നം ഉദിക്കുന്നില്ല. ചിന്തിക്കയേ വേണ്ട ആരും. എനിക്ക് ഒരു തന്തയേയുള്ളൂ അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണ്. അതാണ് സത്യം’– പി.സി. പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ എരുമേലിയിൽ ബിജെപി യോഗത്തിലായിരുന്നു ബിജെപിയിലെ വെട്ടിലാക്കിയ പി.സി.ജോര്‍ജിന്‍റെ പ്രസംഗം. പൂഞ്ഞാറിൽ നാലരക്കോടി രൂപ ചെലവഴിച്ചെന്നും കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ആകുമെന്നും പി.സി.ജോർജ് പറഞ്ഞു. ആരൊക്കെ വീതം പറ്റിയെന്ന് തനിക്കറിയില്ല. ഒരുബൂത്തിൽ മുപ്പത്തിയൊന്നായിരം രൂപ കൊടുക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ലെന്ന് എരുമേലിയിൽ ബിജെപി യോഗത്തിൽ പി.സി.ജോർജ് പറയുകയുണ്ടായി.
എന്നാല്‍ പ്രസംഗം വിവാദമായതോടെ പി.സി.ജോർജ് മലക്കം മറിഞ്ഞു. ആരും പൈസ മോഷ്ടിച്ചിട്ടില്ലെന്നും 40 ലക്ഷം രൂപ പോലും തനിക്ക് ചെലവായിട്ടില്ലെന്നും പി.സി പറഞ്ഞു. എല്ലാം മാധ്യമസൃഷ്ടിയാണെന്ന് വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മറുപടി.