Sonia Gandhi and Mallikarjun Kharge during the 80th Independence Day celebrations at AICC headquarters (PTI Photo/Atul Yadav)

Sonia Gandhi and Mallikarjun Kharge during the 80th Independence Day celebrations at AICC headquarters (PTI Photo/Atul Yadav)

എ.ഐ.സി.സി. ആസ്ഥാനത്തെ വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാനാലോചിച്ച് ബിജെപി. സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്നും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് ആരോപണം. ആലാപന ശേഷം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സേവ ദൾ അധ്യക്ഷൻ ബി.വി.ശ്രീനിവാസ് അടക്കമുള്ളവരോട് സംസാരിക്കുന്ന ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബെയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് നമ്മുടെ നയമല്ലെന്ന് രാഹുൽ ഗാന്ധി പറയുന്നതാണ് വിഡിയോയിൽ.

എ.ഐ.സി.സി. ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചതില്‍ പ്രതിരോധത്തിലായിരിക്കുകയാണ് പാര്‍ട്ടി. ന്യായീകരിക്കാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് ദേശീയ നേതൃത്വം. ദേശീയ ആദരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ വന്ദേമാതരം തടസപ്പെടുത്തുന്നത് നിയമ നടപടിക്ക് കാരണമാകും. അതുകൊണ്ട് തന്നെ വന്ദേമാതരം നിര്‍ത്താനല്ല, ഖര്‍ഗെയ്ക്ക് കസേര കൊണ്ടുവരാനാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടതെന്ന വാദമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഏറെ നേരമായി നിന്നു പ്രസംഗിക്കുന്നതിനാൽ അദ്ദേഹത്തിന് ഇരിക്കാൻ ഒരു കസേര ചോദിക്കുക മാത്രമാണ് സോണിയ ഗാന്ധി ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്.

അതേസമയം പാര്‍ട്ടി ആസ്ഥാനത്തെ ചടങ്ങില്‍ തന്നെ പ്രഖ്യാപിത നയത്തില്‍ നിന്ന് വ്യതിചലിച്ചത് അണികള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. കേരളമൊഴികെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ രൂപത്തിൽ ആലപിച്ചതോടെ നേതൃത്വത്തിന് മറുപടി പറയാൻ സാധിക്കാത്ത അവസ്ഥയാണ്. ബി.ജെ.പിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നാരോപിച്ച് സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം മതേതര ജനാധിപത്യ നിലപാടുകളിൽ നിന്നുള്ള പിൻമാറ്റമാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു.

ENGLISH SUMMARY:

The Bharatiya Janata Party is considering legal action against senior Congress leader Sonia Gandhi following a controversy over the singing of Vande Mataram at the AICC headquarters. BJP leaders have accused Gandhi of disrupting the rendition and violating official guidelines, demanding a public apology from her. Meanwhile, the Congress party has defended the incident, clarifying that Gandhi was merely asking for a chair for party president Mallikarjun Kharge. This event has sparked significant political debate, drawing criticism from other political parties regarding adherence to secular principles.