minister-pc-vishnunath-refutes-mla-janesh-kumar-flood-relief-criticism

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും കോന്നി എം.എൽ.എ. കെ.യു. ജനീഷ് കുമാറും ഉന്നയിക്കുന്ന വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതവും തികച്ചും അനാവശ്യവുമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ദുരന്തമുഖത്ത് മന്ത്രി ഗസ്റ്റ് ഹൗസിൽ കിടന്നുറങ്ങുകയായിരുന്നുവെന്ന കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആരോപണത്തോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. "ഞാൻ അവിടെ കിടന്നുറങ്ങുകയായിരുന്നില്ല. ജനീഷ് കുമാറിനൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന ചിത്രങ്ങൾ എൻ്റെ കൈവശമുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയമാണ് ഇവർ കളിക്കുന്നത്? അല്പമെങ്കിലും മനുഷ്യത്വം കലർത്തി വേണം ആരോപണങ്ങൾ ഉന്നയിക്കാൻ," മന്ത്രി തുറന്നടിച്ചു.

താലൂക്ക് തലത്തിൽ റിവ്യൂ മീറ്റിംഗുകൾ വിളിച്ചുചേർക്കുകയും, ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസർമാർക്കും പ്രാദേശികമായി സാധനങ്ങൾ വാങ്ങാൻ തുക മുൻകൂറായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. 

കഴിഞ്ഞ ഏഴു വർഷം കൊണ്ട് 'റീബിൽഡ് കേരള' വഴി പ്രളയ മുന്നൊരുക്കങ്ങളിൽ മുൻ സർക്കാർ വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ പല പ്രയാസങ്ങൾക്കും കാരണം. എങ്കിലും നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽ നിന്നും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ എൻ.ഡി.ആർ.എഫും കോസ്റ്റ് ഗാർഡും ചേർന്ന് കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ മൃതദേഹം ഫിറ്റ്നസ് രേഖകൾ ഇല്ലാത്ത ആംബുലൻസിൽ കൊണ്ടുപോയി എന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

ENGLISH SUMMARY:

Minister P.C. Vishnunath dismissed criticisms from opposition leaders and Konni MLA K.U. Jenish Kumar regarding flood relief operations as politically motivated, firmly denying claims of negligence. The minister outlined proactive relief measures, including local fund allocations, Shigella outbreak containment, and intensified Coast Guard searches for missing fishermen. He also criticized the previous government's Rebuild Kerala initiative for current infrastructural vulnerabilities while promising a strict probe into the Kannur ambulance issue.