ഇന്നും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ അതിശ്കതമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 10 മണിവരെ റെഡ് അലര്‍ട്ടാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലര്‍ട്ടാണ്. കേരളതീരത്തു നിന്ന് കടലില്‍പോകുന്നതിന് വിലക്കുണ്ട്. നാളെക്കൂടി വ്യാപകമായി മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എറണാകുളം, കണ്ണൂർ, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിലാണ് അവധി. ഇതുകൂടാതെ, ഇടുക്കി, തൃശൂർ ജില്ലകളിലെ, ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. Also Read: മഴയ്‌ക്കൊപ്പം പകര്‍ച്ചപ്പനിയും പടരുന്നു; ആറു ദിവസത്തിനിടെ 18 മരണം.
ആലപ്പുഴയിൽ മഴയ്ക്കു ശമനം ഉണ്ടായിട്ടും ദുരിതം ഒഴിയാതെ കുട്ടനാട്. വീടുകളിൽ നിന്ന് പൂർണമായും വെള്ളം ഇറങ്ങാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആർക്കും വീടുകളിലേക്ക് തിരിച്ചെത്താൻ ആയിട്ടില്ല. പലരുടെയും യാത്ര ചെറു വള്ളങ്ങളിലാണ്. വ്യാപക കൃഷി നാശവും തുടരുന്നു. AC റോഡിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. അതുകൊണ്ട് ഗതാഗതം പൂർണമല്ല. ക്യാംപുകളിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്.
കൊച്ചിയിൽ രാത്രിയിൽ തുടങ്ങിയ മഴ രാവിലെയും തുടരുകയാണ്. കോതമംഗലം മൂവാറ്റുപുഴ തുടങ്ങിയ മലയോര മേഖലകളിലും രാത്രിയിൽ മഴ ലഭിച്ചിരുന്നു. മൂവാറ്റുപുഴ ആറിലും ആലുവ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.അടുത്ത 3 മണിക്കൂർ ജില്ലയിൽ റെഡ് അലർട്ട് ആയതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട് '
കോട്ടയത്ത് കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ ഇടവിട്ടുള്ള ശക്തമായ മഴയിൽ മീനച്ചിലാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. പാലാ വലിയ പാലത്തിലെ സ്കെയിൽ പ്രകാരം ഇന്നലെ ഒൻപത് അടിയായി താഴ്ന്നിരുന്ന വെള്ളം രാത്രിയോടെ പന്ത്രണ്ട് അടിയായി ഉയർന്നു. എന്നാൽ റോഡ് ഗതാഗതത്തിന് തടസ്സമില്ല.
അതേസമയം മീനച്ചിലാർ കരകവിഞ്ഞ് കുമരകം, തിരുവാർപ്പ് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉയർന്ന നിലയിൽ തുടരുകയാണ്. മൂവാറ്റുപുഴയാർ കടന്നുപോകുന്ന വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജില്ലയിൽ 139 ദുരിതാശ്വാസ ക്യാംപുകളിലായി പന്ത്രണ്ടായിരം പേരാണ് കഴിയുന്നത്. മഴക്കെടുതിയിൽ റോഡുകൾ തകർന്ന ഈരാറ്റുപേട്ടയിലെ പ്രദേശങ്ങൾ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ ഇന്ന് സന്ദർശിക്കും.