kannur-cpm-fb-post
  • ധനരാജ് കൊലക്കേസില്‍ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് സിപിഎം നീക്കം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത ആഘാതം സൃഷ്ടിച്ച പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലും തിരഞ്ഞെടുപ്പ് തിരിച്ചടിയിലും ഒടുവില്‍ നടപടിക്ക് സിപിഎം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കാന്‍ ധാരണയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചയ്ക്ക് എത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിക്ക് പാര്‍ട്ടിയില്‍ ധാരണയായത്. പി.ഹരീന്ദ്രന്‍ താല്‍കാലിക ഏരിയ സെക്രട്ടറിയാകും. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ തെളിവുകളടക്കമാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയത്. ധനരാജ് കൊലക്കേസില്‍ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

ധനരാജ് രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പലവട്ടം പരാതിപ്പെട്ടിട്ടും പരിഗണിക്കപ്പെടാതെ പോയതോടെ വി.കുഞ്ഞിക്കൃഷ്ണന്‍ പരസ്യമായി രംഗത്തുവന്നു. രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന നിലപാടാണ് പാര്‍ട്ടി പരസ്യമായി സ്വീകരിച്ചത്. ഇത് അണികളില്‍ വലിയ അതൃപ്തിയുണ്ടാക്കി. കുഞ്ഞിക്കൃഷ്ണനടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ നേതൃത്വത്തിന് നല്‍കാന്‍ കഴിയാതിരുന്നതും കുറ്റാരോപിതരെ സംരക്ഷിച്ചതും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത ആഘാതമായി. പയ്യന്നൂരില്‍ ആരോപണ വിധേയനെ തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയതോടെ വിമതനായി കുഞ്ഞിക്കൃഷ്ണന്‍ മല്‍സരിക്കുകയും ജയിച്ച് നിയമസഭയിലെത്തുകയുമായിരുന്നു. 

ENGLISH SUMMARY:

The CPM has decided to dissolve its Payyanur area committee and set up an ad-hoc committee following an investigative report on the martyr fund embezzlement controversy and recent electoral setbacks. The party leadership took this step after mounting internal dissent and public criticism led by figures like V. Kunhikrishnan, aiming to implement corrective measures before the verdict in the Dhanaraj murder case.