aluva-rain-water-level-2
  • മതപാഠശാലകളും ട്യൂഷന്‍സെന്ററുകളും പ്രവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ മാറ്റിവച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെ പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്ര മഴഭീഷണിയൊഴിഞ്ഞു. കണ്ണൂര്‍,കോഴിക്കോട്, വയനാട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. മതപാഠശാലകളും ട്യൂഷന്‍സെന്ററുകളും പ്രവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്താകെ 65 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രിയു‌ടെ ഓഫിസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.  1465 പേര്‍ ക്യാംപുകളിലുണ്ട്. 17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നുമാണ് ‍സര്‍ക്കാര്‍ കണക്ക്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 2) ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ അവധി നൽകാവുന്നതുമാണെന്നും കലക്ടർ അറിയിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളജുകൾക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും.

 

കാസർകോട് ജില്ലയിൽ നാളെ മതപഠനശാലകൾ ട്യൂഷൻ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നാളെ (ആഗസ്റ്റ്‌ 2, ഞായർ) മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഏതെങ്കിലും രീതിയിൽ ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കും.

 

എറണാകുളം ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ (ഓഗസ്റ്റ് 2) ക്ലാസുകൾ ഒഴിവാക്കണമെന്ന് കലക്ടര്‍. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ  ഉൾപ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 2, ഞായർ) അവധി നൽകേണ്ടതാണ്. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതാണ്.

 

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ്‌ലൈൻ പഠന-പരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ല. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

 

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ്‌ 2, ഞായർ) മദ്രസകൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഏതെങ്കിലും രീതിയിൽ ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു.

 

മലപ്പുറം ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് രണ്ട്) ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

 

കോട്ടയം ജില്ലയുടെ മലയോര മേഖകളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 1) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 2 ഞായര്‍) അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണ്.

 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് തൃശ്ശൂർ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 2) ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു.

ENGLISH SUMMARY:

With heavy rain continuing across Kerala, district administrations have announced a holiday for educational institutions in several districts on Sunday, August 2, as a precautionary measure.