orange-alert-in-12-dist-heavy-rain-kerala
  • മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റുണ്ടാകും. കടൽ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റുണ്ടാകും. കടൽ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നു വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറയാനിടയുണ്ട്.

കോഴിക്കോട് ജില്ലയില്‍ രാത്രി മുഴുവന്‍ കനത്ത മഴ. മലയോര മേഖലകളില്‍ പലയിടങ്ങളിലും പുഴ കരകവിഞ്ഞു. പൂനൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കാരന്തൂര്‍ ചെലവൂര്‍ മൂഴിക്കല്‍, കണ്ണാടിക്കല്‍ കക്കോടി ഭാഗങ്ങളില്‍  വെള്ളം കയറി. കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. താമരശേരി ഇരുതുള്ളിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് അണ്ടോണ ചക്കിക്കാവ് പാലത്തിനൊപ്പമെത്തി. ഇതോടെ കട്ടിപ്പാറ പഞ്ചായത്തില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 24 പേരെ മാറ്റി പാര്‍പ്പിച്ചു. മുക്കം കാരശേരി മൈസൂര്‍ മല എലിമ്പിലാശേരിയിലെ ഏഴ് ആദിവാസി കുടുംങ്ങളെ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്നു മാറ്റി താമസിപ്പിച്ചു. ജില്ലയില്‍ 13 ക്യാംപുകളിലായി  364  ആളുകളെ മാറ്റിപാര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ള വിലങ്ങാട് നിന്ന് ആളുകളെ മാറ്റി മാറ്റി പാര്‍പ്പിച്ചു.

പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നു. റാന്നി ടൗണിൽ കയറിയ വെള്ളം ഇറങ്ങുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ആറന്മുളയിലും വെള്ളം ഇറങ്ങിത്തുടങ്ങി. തീവ്ര മഴ പെയ്തില്ലെങ്കിൽ റാന്നിയിലും ആറന്മുളയിലും കാര്യങ്ങൾ നിയന്ത്രണ വിധേയമാകും. റാന്നിയിൽ കൂടുതൽ ബോട്ടുകൾ ക്രമീകരിക്കുന്നുണ്ട് . മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആൾക്കാരെ മാറ്റി പാർപ്പിക്കുന്നുണ്ട്. റാന്നി കോന്നി താലൂക്കുകളിലാണ് കൂടുതൽ വീടുകൾക്ക് തകരാർ സംഭവിച്ചത്. 

കോട്ടയം ജില്ലയിൽ മഴക്കെടുതി തുടരുന്നു. ഇടവിട്ടുള്ള ശക്തമായ മഴയുള്ളതിനാൽ മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് അപകടനിലയിലാണ്. പാലാ നഗരത്തിൽ നിന്ന് വെള്ളം പൂർണമായും മാറിയിട്ടില്ല. ഇട റോഡുകളും, വ്യാപാര സ്ഥാപനങ്ങളും വീടുകളും വെള്ളക്കെട്ടിലാണ്. ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം മേഖലയിലും നേരിയതോതിൽ രാത്രി മഴപെയ്തു. ഉരുൾപൊട്ടലിൽ മരിച്ച റെജീന, മകൻ ജോസഫിൻ എന്നിവരുടെ സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം നടക്കും. ഈരാറ്റുപേട്ട പാലം മേഖലകളിൽ വെള്ളം നേരിയ തോതിൽ ഇറങ്ങി തുടങ്ങിയതോടെ കോട്ടയം നഗരത്തോട് ചേർന്നുള്ള ഇല്ലിക്കൽ, താഴത്തങ്ങാടി, കുമരകം മേഖലകളിൽ വെള്ളം ഉയർന്നു. ഇടവിട്ട് മഴ തുടരുന്നതിനാൽ തീക്കോയി മൂന്നിലവ് പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പൂഞ്ഞാർ തെക്കേക്കരയിലും വാഗമൺ, മേച്ചാൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലുമാണ് ഇന്നലെ അതി തീവ്ര മഴ പെയ്ത്. ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. 26 ദുരിതാശ്വാസ ക്യാoപുകളിലായി145 കുടുംബങ്ങളിലെ 567 ആളുകളാണ് കഴിയുന്നത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി  ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണെന്നും കലക്ടർ നിര്‍ദേശം നൽകി.

കണ്ണൂരിൽ മലവെള്ളപ്പാച്ചിലിൽ കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. പേരാവൂർ തൊണ്ടിയില്‍ പാലത്തിന് സമീപം കാഞ്ഞിരപുഴയില്‍ ഒഴുക്കില്‍പ്പെട്ട ഹനീഫ, ചെറുപുഴ രാജഗിരിയിൽ  ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവർക്കായാണ് തിരച്ചിൽ. ഒഴുകിവന്ന തേങ്ങ എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഹനീഫ ഒഴുക്കിൽ പെട്ടത്. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തുമ്പോഴാണ് റാഫ്റ്റിംഗ് ട്രെയിനർ കൂടിയായ രാജേഷ് ഒഴുക്കിൽ പെട്ടത്. ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലായി 11 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 500ലേറെ പേരാണ് വിവിധ ക്യാമ്പുകളിൽ താമസിക്കുന്നത്. മലയോര മേഖലകളിലാണ് കനത്ത മഴ വൻ ദുരിതം വിതച്ചത്. ചെറുപുഴ, ആലക്കോട്, ചപ്പാരപ്പടവ്, ഇരിട്ടി, ആറളം, ഉളിക്കൽ തുടങ്ങിയ മേഖലകളിലാണ് ദുരിതം.

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെള്ളത്തിലൂടെ ഓടിച്ച ബസ് കുടുങ്ങി. ചന്ദനക്കാംപാറയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന നിര്‍മല ബസാണ് കുടുങ്ങിയത്. യാത്രക്കാരെ പുറത്തിറക്കിയശേഷം ബസ് വടംകെട്ടി നാട്ടുകാര്‍ പുറത്തെത്തിച്ചു.

കനത്ത മഴയ്ക്കിടെയുണ്ടായ കടലാക്രമണത്തിൽ മലപ്പുറം പൊന്നാനി പാലപ്പെട്ടിയില്‍  ഒട്ടേറെ വീടുകള്‍ തകർന്നു. തീരദേശത്തെ പല സ്ഥലങ്ങളും കടലെടുത്തിട്ടുണ്ട്. ഒട്ടേറെ തെങ്ങുകൾ കടപുഴകി വീണു. ഭീഷണി നേരിടുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.  പുഴകളെല്ലാം നിറഞ്ഞതോടെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വഴിക്കടവ് നിലമ്പൂർ പാതയിലെ വെളിയംതോട് റോഡിലെ ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്.

എറണാകുളം ജില്ലയിൽ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. പെരിയാർ, മുവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി എഴ്  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.  മൂവാറ്റുപുഴയിൽ നാലും കോതമംഗലത്ത് മൂന്നും ക്യാമ്പുകളാണ് തുറന്നത്. 27 കുടുംബങ്ങളിൽ നിന്നായി 78 പേരെ മാറ്റിപ്പാർപ്പിച്ചു. 

മതപഠന ക്ലാസ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് ക്ലാസ്സുകൾ ഒഴിവാക്കണമെന്ന് ജില്ല കലക്ടർ നിർദ്ദേശിച്ചു. കാസർകോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കർണാടക വനത്തിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് തേജ്വസ്വിനി, കാര്യങ്കോട് പുഴകൾ കരകവിഞ്ഞൊഴുകി. തീരത്തുള്ള പാലായി, നീലായി, ചാത്തമത്ത്, പോടോതുരുത്തി എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി. 16 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മലവെള്ളപ്പാച്ചിൽ ഉണ്ടായ തയ്യേനിയിൽ നിന്ന് ആകെ 54 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കരിന്തളത്തും, വെള്ളരിക്കുണ്ടും ആൾക്കാരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Heavy monsoon rains continue to lash Kerala, prompting authorities to declare an orange alert across 12 districts on Sunday. Rivers are overflowing in multiple regions like Kozhikode, Kottayam, and Kasaragod, leading to the opening of numerous relief camps and the relocation of vulnerable families from landslide-prone areas. Educational institutions in several districts have been closed, and rescue operations are actively underway for individuals missing in flash floods.