fake-marriage-certificate-conspiracy-against-cm-vd-satheesan-police-investigation
  • മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രചരിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രി വിഡി സതീശന്‍ രണ്ടാം വിവാഹം കഴിച്ചെന്ന തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ്. കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. 

നിലവിൽ തിരുവനന്തപുരം സൈബർ സിറ്റി എസിപി പരാതിക്കാരനായ രാജു പി.നായരുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് സൈബർ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും. ഡിജിപിക്ക് ലഭിച്ച പരാതി സിറ്റി പൊലീസ് കമ്മിഷണർ വഴി തിരുവനന്തപുരം സൈബർ എസിപിക്ക് കൈമാറുകയായിരുന്നു.

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വിഷയം വലിയ രാഷ്ട്രീയ-നിയമ ചർച്ചയായത്. മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന രേഖകളുമായി ഒരാൾ വാർത്ത നൽകാനായി തന്നെ സമീപിച്ചെന്നും സംശയം തോന്നിയതിനെ തുടർന്ന് മൂകാംബികയിലെ വിലാസത്തിൽ അന്വേഷണം നടത്തിയപ്പോൾ ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞതിനാൽ വാർത്ത നൽകിയില്ലെന്നുമാണ് ആന്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയത്. 

എന്നാൽ, ഇതിനു പിന്നിൽ മുഖ്യമന്ത്രി വിഡി സതീശനെയും സർക്കാരിനെയും അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ വ്യാജരേഖ ഉണ്ടാക്കിയവരെയും അതിനുപിന്നിൽ പ്രവർത്തിച്ചവരെയും പൊലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി ആന്റോ അഗസ്റ്റിനിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. വ്യാജ സർട്ടിഫിക്കറ്റുമായി മാധ്യമസ്ഥാപനത്തെ സമീപിച്ച വ്യക്തി ആരാണെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും കണ്ടെത്താനാണ് സൈബർ പൊലീസിന്റെ നീക്കം. വ്യാജരേഖാ നിർമാണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാകും തുടരന്വേഷണം നടക്കുക.

ENGLISH SUMMARY:

The Kerala Cyber Police have initiated a preliminary probe into an alleged conspiracy to create and circulate a forged marriage certificate targeting Chief Minister V.D. Satheesan. The action follows a formal complaint lodged by KPCC spokesperson Raju P. Nair, whose initial statement was recorded by the Thiruvananthapuram Cyber City ACP. The political controversy erupted after Reporter TV owner Anto Augustine publicly disclosed that an individual approached his channel with a fake document alleging the Chief Minister had remarried. Police plan to register an official FIR invoking charges of forgery and criminal conspiracy, with statements set to be collected from Anto Augustine to trace the source of the forged document.