Image Credit:facebook
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലണമെന്ന പ്രസ്താവനയില്‍ ആര്‍എസ്എസ് ആശയപ്രചാരകന്‍ ടി.ജി.മോഹന്‍ദാസിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. താനായിരുന്നുവെങ്കില്‍ സമരക്കാരെ വെടിവച്ച് കൊല്ലുമായിരുന്നുവെന്നായിരുന്നു സമരക്കാര്‍ക്കെതിരെയുള്ള യൂട്യൂബ് വിഡിയോയിലൂടെ മോഹന്‍ദാസിന്‍റെ പരാമര്‍ശം.
'എനിക്ക് ഈ സിറ്റ്വേഷൻ കൈയില്‍ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല...കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും...ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും'- മോഹന്‍ദാസിന്‍റെ വാക്കുകള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് സൈബര്‍പൊലീസ് കേസെടുത്തിരുന്നു.
ജന്തര്‍ മന്തറിലെ ജെന്‍സി പ്രക്ഷോഭകര്‍ ബലാല്‍സംഗം ഇഷ്ടപ്പെടുന്നവരാണെന്നും കൂട്ടബലാല്‍സംഗമായാലും അവര്‍ക്ക് പരാതിയില്ല എന്നായിരുന്നു മറ്റൊരു വിഡിയോയില്‍ മോഹന്‍ദാസ് പറഞ്ഞത്. ബലാല്‍സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും, പെണ്‍കുട്ടികളുമുണ്ടെന്നും ഇടതുപക്ഷ ജനാധിപത്യ, മതനിരക്ഷേ, വര്‍ഗ ബഹുജന ഗുണ്ടാ–ഗുണ്ടന്‍മാരെല്ലാം ഈ പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണെന്നും അതിനിടയില്‍ ആരെങ്കിലും ചത്താല്‍ രക്തസാക്ഷിയായെന്നുമായിരുന്നു മോഹന്‍ദാസിന്റെ വാക്കുകള്‍.