സംസ്ഥാനത്തെ ബാറുകളിൽ പലതും പുലർച്ചെ തുറക്കുന്നുവെന്ന എക്സൈസ് മന്ത്രി എം.ലിജുവിന്റെ വിമർശനത്തിന് പിന്നാലെ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശവുമായി എക്സൈസ് കമ്മിഷണർ സാംബശിവ റാവു. രാവിലെ പത്തുമണി മുതൽ രാത്രി പന്ത്രണ്ട് മണിവരെ എന്ന സമയക്രമം പാലിക്കാത്ത ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ലൈസൻസിക്കെതിരെ നടപടിയെടുക്കണം. റേഞ്ച് ഓഫിസർമാർ മാത്രമല്ല, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരും ഇടവേളകളിൽ ബാറുകൾ തുറക്കുന്നതിന്റെയും അടയ്ക്കുന്നതിന്റെയും സമയക്രമം പരിശോധിക്കണം. അധികാരം ഉപയോഗിക്കാതെ വീഴ്ച വരുത്തുന്ന ജില്ലാ ഓഫിസർമാർക്കെതിരെ കർശന നടപടിയുണ്ടാവും. കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ബാറുകളുടെ പ്രവർത്തന സമയത്തെക്കുറിച്ചുള്ള കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ളതെന്നും എക്സൈസ് കമ്മിഷണർ ജില്ലാ ഓഫിസർമാർക്ക് നൽകിയ സർക്കുലറിലുണ്ട്.
രാവിലെ അഞ്ചര മുതല്‍ ബാറുകള്‍ തുറക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കെയ്സ് കണക്കിന് മദ്യം വാങ്ങുന്നുവെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ഉന്നത എക്സൈസ് ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യവേ മന്ത്രി തുറന്നടിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ നടക്കില്ലെന്നും ക്യാമറ വച്ച് ഉദ്യോഗസ്ഥരെ പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പല ജില്ലകളില്‍ നിന്നും ഇതു സംബന്ധിച്ച് പരാതി ലഭിച്ചുവെന്നും ബാറുടമകളും പരാതി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇനി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടാല്‍ ബട്ടന്‍ ക്യാമറ വച്ച് വിഡിയോ എടുത്ത് നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും സിസ്റ്റം നന്നായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും എന്നാല്‍ മുഴുവന്‍ അഴിമതിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു.