പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിയില്ലെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയതോടെ സി.പി.എമ്മിലെ തിരുത്തല്‍, നയങ്ങളില്‍ മാത്രം ഒതുങ്ങും. സംസ്ഥാനത്തെ ഉന്നതനേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കേന്ദ്രകമ്മിറ്റി തുറന്നുപറയുമ്പോഴും ഉത്തരവാദികള്‍ പദവികളില്‍ നിന്ന് മാറിയേക്കില്ല. സംസ്ഥാന സെക്രട്ടറി പദവിയില്‍ എം.വി.ഗോവിന്ദനും പ്രതിപക്ഷ നേതാവ് പദവിയില്‍ പിണറായി വിജയനും തന്നെ തുടരുമെന്ന സന്ദേശമാണ് ലഭിക്കുന്നത്.
പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ പരാജയം വ്യക്തമാക്കുന്നതാണ് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട്. തോല്‍വിയുടെ കാരണങ്ങള്‍ കേന്ദ്രകമ്മിറ്റി അക്കമിട്ട് നിരത്തിയിട്ടും നേതൃനിരയില്‍ മാറ്റമുണ്ടാവില്ലെന്ന് തുറന്നുപറയുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വ്യക്തിപരമായി ആര്‍ക്കും ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് ഗോവിന്ദന്‍റെ വാദം. വീഴ്ചയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വത്തിനാകയെന്ന് പറയുമ്പോള്‍ ഒന്നേോ രണ്ടോ പേരെ പദവയില്‍ നിന്ന് നീക്കിയതും കൊണ്ട് കാര്യമില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖങ്ങള്‍ മാറ്റാന്‍ പോയാല്‍ ഏരിയ സെക്രട്ടറിമാരെ വരെ മാറ്റേണ്ടി വരുമെന്നതാണ് സംസ്ഥാന നേതാക്കളുടെ വാദം. തിരുത്തലിന്‍റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയേറ്റിലോ സംസ്ഥാന സമിതിയിലോ ഒരു അഴിച്ചുപണിക്കും സാധ്യതയില്ലെന്ന് തന്നെയാണ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതോടെ തിരുത്തല്‍ നയത്തിലും സമീപനത്തിലും മാത്രമാകാനാണ് സാധ്യത. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമീപനം മാറ്റുക. ജനങ്ങളുമായുളള മെച്ചപ്പെടുത്തുക, സര്‍ക്കാരിന്‍റെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നിവയാണ് ജനവിശ്വാസം വീണ്ടെടുക്കാനുള്ള മാര്‍ഗമായി പാര്‍ട്ടി നേതൃത്വം കാണുന്നത്. ഭരണത്തിലിരുന്നപ്പോഴുണ്ടായ വീഴ്ചകള്‍ക്ക് ഇനി തിരുത്തലുകള്‍ സാധ്യമെല്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇതോടെ സെപ്റ്റംബറില്‍ ചേരുന്ന വിശാല സംസ്ഥാന കമ്മറ്റിയില്‍ എത്രത്തോളം തെറ്റുതിരുത്തല്‍ സാധ്യമാകുമെന്ന സംശയമാണ് ഉയരുന്നത്.