മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തര്‍ക്കം കനക്കുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ്. കെഎസ്‌യു  നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് കാണിക്കാതിരുന്ന ഒരേയൊരു നേതാവാണ് ഇന്ന് കേരള മുഖ്യമന്ത്രിയെന്ന് സച്ചിൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ലെന്നും സച്ചിന്‍ പറഞ്ഞു. പൊതു പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് സച്ചിന്‍റെ പ്രതികരണം. 

സച്ചിന്‍റെ പോസ്റ്റ്: ‘നിരന്തര പ്രതിഷേധങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കെഎസ്‌യു നേതാക്കൾ കഴിഞ്ഞ നാളിൽ ജയിൽ വാസമനുഭവിച്ചപ്പോൾ ഞങ്ങളെ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് ഉണ്ടാവാതിരുന്ന ഒരേ ഒരു നേതാവ് ഇന്ന് കേരള മുഖ്യമന്ത്രിയാണ്. തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ല’– വി.ഡി.സതീശനെയും അലോഷ്യസ് സേവ്യറേയും ടാഗ് ചെയ്തുകൊണ്ടാണ് സച്ചിന്‍റെ പോസ്റ്റ്.

ഇന്നലെ തേവര എസ്എച്ച് കോളജിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും ഒന്നിച്ചുണ്ടായെങ്കിലും മുഖ്യമന്ത്രി പരിചയഭാവം പോലും നടിക്കാതെ നടന്നു നീങ്ങിയത്. ചടങ്ങിനു ശേഷം തന്റെ സഹപാഠികളായിരുന്നവരോടു സംസാരിച്ചു സതീശന്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ സമീപത്തുണ്ടായിരുന്ന അലോഷ്യസ് സേവ്യര്‍ ചിരിക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അതു ശ്രദ്ധിക്കാതെ സതീശന്‍ പുറത്തേക്കു പോകുകയായിരുന്നു. ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിയോജിപ്പ് പരസ്യമാക്കിയതിനെ തുടര്‍ന്നാണ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

അതേസമയം കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച വ്യാഴാഴ്ച തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി കൊല്ലത്തേക്ക് പോവുകയാണെന്ന് അലോഷ്യസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അലോഷ്യസിനെ അറിയിച്ചപ്പോള്‍, താന്‍ കന്യാകുമാരിയിലായിരിക്കുമെന്ന് അലോഷ്യസ് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കെഎസ്​യുവിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ ജിന്‍റോ ജോണും അനൂപ് വി.ആറും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ കെഎസ്​യുവിന്‍റെയും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കൂടി സര്‍ക്കാരാണെന്നും അവരെ കൂടി പരിഗണിക്കണമെന്നുമായിരുന്നു വിമര്‍ശനം.

ENGLISH SUMMARY:

KSU State General Secretary Sachin T. Pradeep has fiercely criticized Kerala Chief Minister V.D. Satheesan via Facebook, stating that the Chief Minister was the only leader who refused to visit KSU workers during their past imprisonments. The backlash erupted after video emerged from a function at Thevara SH College showing the Chief Minister walking past KSU State President Aloysius Xavier without acknowledging his presence or attempts to converse. Rumors suggest this cold shoulder stemmed from Aloysius's open dissent regarding Government Pleader appointments, prompting further social media criticism from Congress faction figures like Jinto John and Anoop V.R. demanding respect for ordinary workers. Conversely, the Chief Minister's Office clarified that no meeting was intentionally denied, releasing a detailed scheduling conflict explanation to debunk the narrative of a political snub.