കെഎസ്‌യു സംസ്ഥാന അധ്യക്ഷന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി.ഡി.സതീശന്‍. കൊച്ചി തേവര കോളജിലെ പരിപാടിക്കിടെയാണ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയതാണ് കുറ്റമെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദം കത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ അലോഷ്യസ് ശ്രമിച്ചത്. 

വി.ഡി.സതീശന്‍ കോളജിലെ പരിപാടി ഉദ്ഘാടനം ചെയ്തശേഷം വേദിയില്‍നിന്ന് താഴേക്കിറങ്ങുമ്പോഴാണ് അലോഷ്യസ് കാത്തുനിന്നത്. അലോഷ്യസ് ചിരിച്ചെങ്കിലും മുഖ്യമന്ത്രി ഗൗനിക്കാതെ കടന്നുപോയി. പൂര്‍വവിദ്യാര്‍ഥി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഉന്നതനേതാക്കളെ കാണുമ്പോള്‍ ചിരിക്കുന്നതാണ് തന്റെ രാഷ്ട്രീയം. കെപിസിസി നേതൃത്വം കെഎസ്‌യുവിന്റെ ആശങ്കകള്‍ കേള്‍ക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 

​അതേസമയം പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ രംഗത്തെത്തി. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്നും ഭരണകൂടങ്ങളുടെ അധികാരധാർഷ്ട്യത്തെ തുറന്നുകാട്ടുന്ന സത്യം പറയാൻ കുട്ടികൾ വേണമെന്നും ജിന്റോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എന്നാല്‍ മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി ലഭിച്ചു. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇരുവരും നടത്തുന്നുവെന്നും ടെലിവിഷന്‍ ചര്‍ച്ചാപാനലില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് സതീശന്‍ അനുകൂലികള്‍ കെപിസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ രാജു.പി.നായരും പരാതി നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

A recent public encounter at Thevara College, Kochi, saw Chief Minister V.D. Satheesan ignoring KSU State President Aloshious Xavier, who attempted to greet him amidst ongoing tensions regarding government pleader appointments. Following the incident, Aloysius maintained that his attempt to engage was a mark of political decorum as a former student, though he asserted that he would continue to raise concerns regarding governance. The incident has deepened the internal rift within the Congress party; leader Jinto John publicly criticized the Chief Minister’s dismissive attitude toward KSU, leading to complaints being filed against him and V.R. Anoop by pro-Satheesan factions, who have demanded their removal from television panel discussions for undermining the government.