മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മനോരമ ന്യൂസിനോട്. ഈ വിഷയത്തില്‍ പിണറായി വിജയനോട് സഹായം തേടിയിട്ടില്ല. കേസില്‍നിന്ന് ഊരാന്‍ ആരും സഹായിച്ചിട്ടില്ല. ആരുടെയും കാലുപിടിക്കാന്‍ പോയിട്ടില്ല. പിണറായിയുടെ ഓഫിസിലെ ചിലര്‍ അങ്ങനെ ആഗ്രഹിച്ചു. അവരുടെ പേരുപറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു
'ഈ മൈക്രോഫിനാന്‍സ് അന്വേഷിക്കട്ടെ കുറെ നാളായില്ലേ അന്വേഷിക്കണമെന്ന് പറയുന്നത്. ഇത് കഴിഞ്ഞ അച്യുതാനന്ദന്‍റെ കാലത്ത് കൊടുത്തതല്ലേ. ഒരുപക്ഷേ പിണറായിയെ കണ്ട് ഇത് വേഗം തീർത്ത് വിടണേ എന്ന് ഞാൻ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം കേട്ടേനെ. ഞാൻ പോയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഞാൻ നിഷ്കളങ്കനാണ്. ഞാനൊരു കുറ്റും ചെയ്തില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്' എന്നാണ് വെള്ളപ്പള്ളിയുടെ വാക്കുകള്‍.
കഴിഞ്ഞ പത്ത് വർഷം പിണറായി വിജയനെ ഇങ്ങനെ പിന്തുണച്ചത് കേസ് ഭയന്നിട്ടാണെന്ന് ആരോപിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് 'എന്നിട്ട് കേസില്‍ നിന്നും അദ്ദേഹം എന്നെ ഊരിത്തന്നിട്ടില്ലല്ലോ' എന്നായിരുന്നു മറുപടി. 'പിണറായിയോട് ഇതേവരെ ഈ വിഷയത്തില്‍ നിന്നും ഊരിത്തരാൻ വേണ്ടി പറയാൻ പോയിട്ടില്ല. അത് പറയുന്ന പ്രശ്നമില്ല. കാരണം ഞാൻ കുറ്റം ചെയ്തിട്ടില്ല പിന്നെന്തിനാണ് ഞാൻ ഇവരുടെയെല്ലാം കാലുപിടിക്കാൻ പോണത്' വെള്ളാപ്പള്ളി ചോദിച്ചു.