ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പ്ലാന്റായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. പ്രാദേശിക വാതക വിതരണ ശൃംഖലയുടെ കേന്ദ്രമായ ബർസാൻ പ്ലാന്റിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ആഗോള ഊർജ മേഖലയെ നടുക്കിയ വൻ ദുരന്തമുണ്ടായത്. അപകടത്തിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും ഉൾപ്പെടെ 66 പേർക്ക് പരുക്കേറ്റതായും ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നും ഖത്തർ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പ്ലാന്റിൽ ഉൽപാദനം പുനരാരംഭിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. പ്രവർത്തന സജ്ജീകരണങ്ങൾക്കിടയിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യവസായങ്ങൾക്കും വൈദ്യുതി-കുടിവെള്ള പ്ലാന്റുകൾക്കും ആവശ്യമായ ഇന്ധനം നൽകുന്ന ബർസാൻ പ്ലാന്റിൽ പ്രതിദിനം 140 കോടി ക്യുബിക് അടി വാതകം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
അപകടത്തെത്തുടർന്ന് പ്ലാന്റിൽ വലിയ തീപിടിത്തമുണ്ടായെങ്കിലും അടിയന്തര സുരക്ഷാ സേനകൾ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വ്യവസായ കേന്ദ്രത്തിന് പുറത്തേക്ക് അപകടകരമായ രീതിയിൽ യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗോള ഊർജ വിപണിയിലെ അഞ്ചിലൊന്ന് പ്രകൃതി വാതകവും ഉൽപാദിപ്പിക്കുന്ന പ്ലാന്റിലെ സ്ഫോടനം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. യുദ്ധസമാനമായ സാഹചര്യത്തിന് ശേഷം ഇന്ധനവില കുറയുമെന്ന ലോകരാജ്യങ്ങളുടെ പ്രതീക്ഷകൾക്ക് പ്ലാന്റിന്റെ തകർച്ച താൽക്കാലിക തിരിച്ചടിയാകും. പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാൻ ഖത്തർ എനർജി വിദ്ഗധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.