വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിനിടെ മുഖ്യമന്ത്രിയെ കണ്ട് എക്സൈസ് മന്ത്രി എം.ലിജു. എക്സൈസ് കമ്മിഷണര്‍ ആര്‍ സാംബശിവ റാവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി മുഖ്യമന്ത്രിയെ കണ്ടത്. ബജറ്റ് നിര്‍ദേശം അറിയാത്തതിലെ നീരസം അറിയിച്ചതായാണ് സൂചന. അതിനിടെ മദ്യനയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും ആശങ്ക ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് കെ. സി വേണുഗോപാലും പറഞ്ഞു.
സഭാ സമ്മേളനം നടക്കുന്നതിനിടെ എക്സൈസ് കമ്മീഷണര്‍ ആര്‍.സാംബശിവ റാവുവിനെ നിയമസഭയിലേക്ക് വിളിച്ചുവരുത്തിയാണ് മന്ത്രി എം.ലിജു ആദ്യം ചര്‍ച്ച നടത്തിയത്. വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിയാലുണ്ടാവുന്ന പ്രശ്‌നങ്ങളും എക്സൈസിൻ്റെ തുടർ നടപടിയും കമ്മിഷണർ മന്ത്രിയെ അറിയിച്ചു. ഈ വിവരങ്ങളുമായാണ് എം.ലിജു മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭയിലായിരുന്നു കൂടിക്കാഴ്ച. അതിനിടെ വീര്യം കുറഞ്ഞ മദ്യം പാര്‍ട്ടിയിലും വീര്യമേറിയ ചര്‍ച്ച തുടക്കമിടുകയാണ്. ആശങ്ക ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് പറഞ്ഞ് കെ. സി. വേണുഗോപാല്‍ ഉത്തരവാദിത്തം പരോക്ഷമായി വി.ഡി.സതീശന്‍റെ തലയിലിട്ടു.
ബജറ്റ് പ്രഖ്യാപനത്തെ ന്യായീകരിക്കാന്‍ രമേശ് ചെന്നിത്തലയും തയാറായില്ല. നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഘടന മദ്യവ്യാപനത്തിന് ഇടയാക്കുമെന്ന് മുന്‍ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രാഷ്ട്രീയ നേതൃത്വങ്ങള്‍ മാത്രമല്ല, വിവിധ സാമുദായിക സംഘടനകളും തീരുമാനത്തിനെതിരാണ്. ഇതോടെ ബജറ്റ് നിര്‍ദേശം പിന്‍വലിക്കാനുള്ള സമ്മര്‍ദത്തിന് മുഖ്യമന്ത്രി വഴങ്ങുമോയെന്നാണ് ഉയരുന്ന ചോദ്യം.