കാപ്പാക്കേസില്‍ ജയിലിലായ തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് അയോഗ്യത ഭീഷണി. തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനിന്നാല്‍ സുഗതന് അയോഗ്യതവരാം. അതേസമയം, അയോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. 

കാപ്പാക്കേസില്‍ അറസ്റ്റിലായ ആര്‍.സുഗതന്‍ ഉള്‍പ്പെടെ 50 കൗണ്‍സിലര്‍മാരാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പിക്കുള്ളത്. 101 അംഗ കോര്‍പറേഷനില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബി.ജെ.പി ഭരണം നടത്തുന്നത്. കേരള മുന്‍സിപ്പല്‍ നിയമത്തിലെ 91 കെ വകുപ്പ് പ്രകാരം തുടര്‍ച്ചയായി മൂന്നുമാസം, മൂന്നു കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് ഒരംഗം വിട്ടുനിന്നാല്‍ നാലാമത്തെ കൗണ്‍സില്‍ യോഗത്തോടെ അയോഗ്യനാക്കാം.

കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവധി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അയോഗ്യത വരില്ല. വധശ്രമക്കേസില്‍ പ്രതിയായതിന് പിന്നാലെ നടന്ന രണ്ടു കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തിരുന്നില്ല. അവധി അപേക്ഷയും നല്‍കിയിരുന്നില്ലെന്നാണ് വിവരം. ഈ മാസം കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടില്ല. അടുത്ത ആഴ്ച കൗണ്‍സില്‍ ചേരുമെന്നാണ് വിവരം. ജയിലിലായതിനാല്‍ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അവധി അപേക്ഷ നല്‍കുന്നതിന് മുന്‍ ഹൈക്കോടതി വിധികള്‍ തന്നെ തടസമായി നില്‍ക്കുന്നുണ്ട്.

ജാമ്യം കിട്ടില്ലെങ്കില്‍ അവധി അപേക്ഷ അംഗീകരിച്ച് കിട്ടാന്‍ സുഗതന് കോടതിയെ പ്രത്യേകം സമീപിക്കേണ്ടി വന്നേക്കും. മുന്‍കാലത്ത് മൂന്നു യോഗങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വിട്ടുനിന്നതിന് തൃക്കാക്കര നഗരസഭയില്‍ അംഗങ്ങള്‍ മുന്‍പ് അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്. സുഗതന് അയോഗ്യത വന്നാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നിരിക്കെ, എല്ലാ മാര്‍ഗവും തേടാന്‍ ആയിരിക്കും എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുക. അതേസമയം, അത്തരം കാര്യങ്ങളില്‍ ആശങ്കയില്ലെന്ന് മേയര്‍ വി.വി.രാജേഷ് പ്രതികരിച്ചു. 

ENGLISH SUMMARY:

R Sugathan disqualification is a significant political development in Thiruvananthapuram Corporation following his arrest in the Kappa case. The BJP councilor faces disqualification if he misses three consecutive council meetings, a situation the Mayor has stated will be handled politically.