sreelekha-men-leave

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്നുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍.ശ്രീലേഖ. സര്‍ക്കാര്‍ നയം പെണ്‍കുട്ടികളെ അബലകളാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ശ്രീലേഖ, അവധി എടുക്കുന്നതിലൂടെ വീട്ടുകാരും നാട്ടുകാരും ആര്‍ത്തവം എപ്പോഴാണെന്ന് അറിയുന്നത് നാണക്കേടാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരം സൗജന്യങ്ങള്‍ക്ക് പകരം സ്കൂളിലും കോളജിലും വൃത്തിയുള്ള ശുചിമുറികളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും ഒരുക്കുകയാണ് വേണ്ടതെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. 

‘ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലര്‍ക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി’, ആര്‍.ശ്രീലേഖ പറയുന്നു.

മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരുമൊക്കെ കുട്ടിക്ക് ആർത്തവമാണെന്ന് അറിയുമെന്നും, ഇത് വിദ്യാര്‍ഥിനിക്ക് നാണക്കേടുണ്ടാക്കുമെന്നുമാണ് ശ്രീലേഖയുടെ വാദം. അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കണം. അത് എല്ലാ വനിതാ ടീച്ചര്‍മാര്‍ക്കും സ്റ്റാഫിനും ഗുണകരമാകുമെന്നും ആര്‍.ശ്രീലേഖ വ്യക്തമാക്കി.

ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതിരിക്കില്ല. ഒരു ദിവസം പോലും വിദ്യാര്‍‌ഥിനികള്‍‌ വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും, ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളുണ്ടാവില്ലെന്നും ആര്‍.ശ്രീലേഖ പറയുന്നു.

ENGLISH SUMMARY:

R Sreelekha, a BJP leader, has expressed opposition to the government's decision to grant three days of menstrual leave to school students. She believes this policy could make girls dependent and cause embarrassment, advocating instead for better sanitary facilities and pain relief options in educational institutions.