bjp-flag

TOPICS COVERED

പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നത്. തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനോട് എതിര്‍പ്പറിയിച്ചവരാണ് ബിജെപി. ഭരണപക്ഷമായ ആംആദ്മി പാര്‍ട്ടിയുടെ പരാജയ ഭീതിയാണ് ഇതിനു പിന്നിലെന്നായിരുന്നു ബിജെപിയുടെ ആരോപണം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്വതന്ത്രര്‍ക്കും പിന്നില്‍ അഞ്ചാമതാണ് ബിജെപിയുടെ സ്ഥാനം. 

ബാലറ്റില്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ബിജെപി പിന്നിലായി എന്ന് പ്രചാരണമുണ്ടെങ്കിലും 2027 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഫലം. 2021 ല്‍ 49 വാര്‍ഡുകളില്‍ മാത്രം ജയിച്ച ബിജെപി ഇത്തവണ 170 വാര്‍ഡുകള്‍ നേടി. 

എട്ട് കോര്‍പ്പറേഷനുകളിലേക്കും 75 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും 20 നഗര്‍ പഞ്ചായത്തുകളിലെ 1977 വാര്‍‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. വാര്‍ഡുകളുടെ എണ്ണത്തില്‍ ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ശിരോമണി അകാലിദളിനും സ്വതന്ത്രര്‍ക്കും പിന്നില്‍ അഞ്ചാമതാണ് ബിജെപി. എന്നാല്‍ നഗര, സെമി അര്‍ബന്‍ മേഖലകളില്‍ ബിജെപിയുടെ ശക്തി വര്‍ധിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.  

അബോഹർ കോര്‍പ്പറേഷനിലെ ഫലം ഉദാഹരണമാണ്. 50 സീറ്റില്‍ 28 ഇടത്ത് വിജയിച്ചാണ് ബിജെപി ഭരണം പിടിച്ചത്. ആംആദ്മി പാര്‍ട്ടി 20 സീറ്റില്‍ ജയിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് സുനില്‍ ജാഖറിന്‍റെ മേഖലയാണ് അബോഹര്‍. 2021 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസിലുണ്ടായ സമയത്ത് 49 സീറ്റിലും കോണ്‍ഗ്രസാണ് ജയിച്ചത്.  ഇതിനൊപ്പം മൊഹാലി, ഹോഷിയാർപൂർ, ഫത്തേഗഡ് സാഹിബ്, മാൻസ, പട്യാല, ഫാസിൽക്ക ജില്ലകളിലെ മുൻസിപ്പൽ കൗൺസിലുകളിലും നഗർ പഞ്ചായത്തുകളിലും ബിജെപി നേട്ടമുണ്ടാക്കി. 

കർഷക യൂണിയനുകളുടെയും കാർഷിക രാഷ്ട്രീയത്തിന്റെയും ഇടമായ ബതിന്ദ മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി അക്കൗണ്ട് തുറന്നു. കാര്‍ഷിക നയങ്ങളില്‍ ശക്തമായ പ്രതിഷേധം നടന്ന മാന്‍സ മുനിസിപ്പല്‍ കൗണ്‍സിലില്‍ ആറു സീറ്റില്‍ ബിജെപി വിജയിച്ചിട്ടുണ്ട്. മുസ്‍ലിം ഭൂരിപക്ഷമുള്ള മലേർകോട്‌ല മുനിസിപ്പൽ കൗൺസിലില്‍ ഒരു സീറ്റില്‍ 265 വോട്ടുകള്‍ക്ക് ബിജെപി വിജയിച്ചു. ഇതെല്ലാം ബിജെപിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു എന്നതിന്‍റെ സൂചനയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. 

ENGLISH SUMMARY:

Punjab municipal elections saw the use of ballot papers, a decision BJP protested fearing defeat. Despite concerns about ballot paper usage impacting their performance, the election results indicate a growing acceptance of BJP in urban and semi-urban areas, offering hope for the 2027 assembly elections.