വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ  സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍ ചുമതലയേറ്റു. ഞായറാഴ്ചയായിട്ടും ഇന്നുതന്നെ ചുമതലയേറ്റെടുത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതില്‍ വിമര്‍ശനം കടുക്കുന്നു. ബംഗാളിലേതിന് സമാനമാണ് നിയമനമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍– കോണ്‍ഗ്രസ് ഡീല്‍ സംശയിക്കുന്നു എന്നും സി.പി.എം ആരോപിച്ചു. ദേശീയ തലത്തില്‍ വിഷയം ചര്‍ച്ചയാക്കിയ ബി.ജെ.പി രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന് വിമര്‍ശിച്ചു. 

 

ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗര്‍വാളിനെ ബി.ജെ.പി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് രത്തന്‍ ഖേല്‍ക്കറുടെ നിയമനം. ബംഗാളിലെ നിയമനത്തെ തള്ളിപ്പറഞ്ഞത് രാഹുല്‍ ഗാന്ധി തന്നെയാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന് അതിന് സാധിക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന  സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി മാത്രം അറിഞ്ഞുള്ള തീരുമാനമാണിത്. ന്യായീകരിക്കാനോ എതിര്‍ക്കാനോ കഴിയാത്ത അവസ്ഥയില്‍ ആണ് കോണ്‍ഗ്രസ്. ഡീല്‍ അടക്കമുള്ള കാര്യങ്ങള്‍ വൈകാതെ അറിയാമെന്നും എം.വി.ഗോവിന്ദന്‍.

 

നിയമനം അങ്ങേയറ്റം ദുരൂഹമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പറഞ്ഞു. ബംഗാളിലെ നിയമനത്തെ വോട്ട് ചോരിയുടെ ഭാഗമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇപ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നായിരുന്നു ബി.ജെ.പി ഐ.ടി. സെല്‍ മേധാവി അമിത് മാള്‍വ്യയുടെ ചോദ്യം. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട സി.ഇ.ഒ പദവിയില്‍ രത്തന്‍ ഖേല്‍ക്കര്‍ ഇപ്പോഴും തുടരുന്നു. അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി നോക്കി മാത്രമാണോ രാഹുല്‍ ഗാന്ധിയുടെ ധാര്‍മിക രോഷപ്രകടനമെന്നും അമിത് മാള്‍വ്യ ചോദിച്ചു.

ENGLISH SUMMARY:

Former Chief Election Commissioner Ratan Khelkar has assumed charge as the Secretary to the Chief Minister, triggering sharp political criticism. CPM and BJP leaders have questioned the appointment, comparing it to a similar controversy in West Bengal and accusing Congress leader Rahul Gandhi of double standards. The issue has now escalated into a national political debate, with allegations surrounding the neutrality of election officials and political appointments.