തിരഞ്ഞെടുപ്പ് രംഗത്ത് പരസ്പരം പോരടിച്ച രണ്ടുപേര്‍. പിണറായി വിജയനും ജി. സുധാകരനും. സുധാകരന്‍ സിപിഎം വിട്ടപ്പോള്‍ പിണറായി വിജയന്‍ നടത്തിയ ചെറ്റത്തരം പ്രയോഗം വലിയ വാര്‍ത്തയായി. പ്രോടെം സ്പീക്കറായി ജി.സുധാകരനെ യുഡിഎഫ് നിശ്ചയിച്ചത് തന്നെ പിണറായി വിജയനെ ലക്ഷ്യമിട്ടെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നു. എന്നാല്‍ മുതിർന്ന നിയമസഭാംഗം എന്ന നിലയിലാണ് ജി.സുധാകരനെ പ്രോടെം സ്പീക്കറായി നിയമിച്ചത്.
ജി.സുധാകരന് മുന്നില്‍ പിണറായി വിജയന്‍ എം.എല്‍.എയായി സത്യപ്രതിജ്‍ഞ ചെയ്യുമോ എന്നുള്ള സംശയം എല്‍ഡിഎഫ് ക്യാംപിലുണ്ടായിരുന്നു. ഇന്ന് രാവിലെ നിയമസഭയില്‍ പിണറായി വിജയന്‍ എത്തുംവരെ സിപിഎം നേതാക്കള്‍ക്കിടയില്‍ വലിയ ആശയകുഴപ്പമായിരുന്നു. രാവിലെ നിയമസഭയില്‍ മുതിര്‍ന്ന എംഎല്‍എമാരില്‍ ഒരാള്‍ പിണറായി വിജയനോട് ചോദിച്ചു, ഇന്ന് സത്യപ്രതിജ്‍ഞ ചെയ്യുന്നുണ്ടോ?
കൂടുതല്‍ ചോദ്യങ്ങള്‍ക്ക് നില്‍ക്കാതെ പിണറായി ഉത്തരം പറഞ്ഞു. 'ഒരു കീഴ്വഴക്കവും നമ്മള്‍ ലംഘിക്കേണ്ട കാര്യമില്ല. എം.എല്‍.എമാര്‍ സത്യപ്രതിജ്‍ഞ ചെയ്യേണ്ടത് പ്രോടെം സ്പീക്കറുടെ മുന്‍പിലാണ്. ആ ഇരിപ്പിടത്തില്‍ ആരാണ് ഇരിക്കുന്നത് എന്നതല്ല വിഷയം. ആ പദവിയെ ബഹുമാനിക്കുകയാണ്. വ്യക്തിക്ക് മുന്‍പിലല്ല സത്യപ്രതിജ്‍ഞ ചെയ്യുന്നത്. ചെയറിന് മുന്‍പിലാണ്. തനിക്ക് ലഭിക്കുന്ന ഹസ്തദാനം പ്രതിപക്ഷനേതാവിന് ലഭിക്കുന്നതാണ്. താന്‍ നല്‍കുന്ന ഹസ്തദാനവും ആ ചെയറിനെ ബഹുമാനിച്ചാണ്. അതിനാല്‍ ഒരു കാരണവശാലും മാറി നില്‍ക്കേണ്ടകാര്യമില്ല' പിണറായി പറഞ്ഞവസാനിപ്പിച്ചു.
133–ാമതാണ് പിണറായി വിജയന്‍ സത്യപ്രതിജ്‍ഞ ചെയ്തത്. നേരെ പ്രോടെം സ്പീക്കറായ ജി.സുധാകരന്‍റെ ഇരിപ്പടത്തിലേക്ക് എത്തി. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജി.സുധാകരന്‍ പിണറായി വിജയന്‍റെ അടുത്തേക്ക് നടന്നു ചെന്ന് ഹസ്താദനം നല്‍കി. 20 സെക്കന്‍റ് സമയം ഇരുവരും സംസാരിച്ചു. തുടര്‍ന്ന് ഭരണപക്ഷത്ത് മുന്‍നിരയില്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയാണ് പിണറായി മടങ്ങിയത്.