ഉല്‍സവാന്തരീക്ഷത്തിൽ പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ. നൂറ്റി അഞ്ചാമനായി മുഖ്യമന്ത്രി വി.ഡി. സതീശനും നൂറ്റിമുപ്പത്തിമൂന്നാമതായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സത്യപ്രതിജ്ഞ ചെയ്തു. പ്രോടെം സ്പീക്കറായ ജി.സുധാകരന് കൈ കൊടുത്ത് പിണറായി പുഞ്ചിരിയോടെയാണ് വേദി വിട്ടത്. പിതാവിന്റെ പേരു കൂടി പറഞ്ഞാണ് മുഖ്യമന്ത്രി വി.ഡി സതീശൻ സത്യവാചകം ചൊല്ലിയത്.
ജാതിവാലെന്ന വിമർശനത്തിന് വീണ്ടും മറുപടിയെന്നോണം അച്ഛന്റെ പേര് മുഴുവൻ വായിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ. ഡെസ്ക്കിൽ അടിച്ച് ഭരണകക്ഷിയുടെ ആഹ്ലാദാരവം. നൂറ്റി മുപ്പത്തിമൂന്നാമതായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സത്യവാചകം ചൊല്ലിയത്. പ്രോടേം സ്പീക്കറായ ജി.സുധാകരനെ പിണറായി കണ്ടത് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
ഇടത് കോട്ടയിളക്കി എത്തിയ ടി.കെ. ഗോവിന്ദൻ എഴുന്നേറ്റപ്പോൾ ഭരണപക്ഷത്തു നിന്ന് വലിയ ആരവം. സത്യപ്രതിജ്ഞയ്ക്ക് ശേഷം ടി.കെ.ഗോവിന്ദൻ പിണറായിക്ക് കൈ കൊടുത്തു. വി. കുഞ്ഞികൃഷ്ണൻ തൊഴുതു.
ബിജെപി അംഗങ്ങളായ രാജീവ് ചന്ദ്രശേഖറും വി.മുരളിധരനും ബി.ബി.ഗോപകുമാറും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്. സന്ദീപ് വാര്യർ ഭരണഘടന ഉയർത്തിയും വി.പി. സജീന്ദ്രൻ ഗാന്ധിതൊപ്പി അണിഞ്ഞുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ ഏതാനും പേർ ഇംഗ്ലീഷിൽ സത്യപ്രതിജ്‌ഞ ചെയ്തപ്പോൾ എഫ്. രാജ തമിഴിലും എ കെ എം അഷ്റഫ് കന്നടയിലും സത്യവാചകം വായിച്ചു. പിതാവ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന കൈയ്യിലേന്തിയും ജയ് വിളിച്ചുമായിരുന്നു സന്ദീപ് വാരിയരുടെ സത്യപ്രതിജ്ഞ.
പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷത്തെ ഇടത് ആഭിമുഖ്യം ഉള്ളവരും സഗൗരവ പ്രതിജ്ഞ ചെയ്തപ്പോൾ ഭൂരിഭാഗം ഭരണപക്ഷക്കാരും ദൈവനാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. 16ാം കേരള നിയമസഭയില്‍ 71 പുതുമുഖങ്ങളാണുള്ളത്.. മൂന്നരമണിക്കൂർ നീണ്ട സത്യപ്രതിജ്ഞ കാണാൻ ഗാലറികൾ നിറഞ്ഞു കവിഞ്ഞ് ആളുകളെത്തിയിരുന്നു.