പതിനാറാം കേരള നിയമസഭയില്‍ സത്യപ്രതിജ്ഞയ്ക്കെത്തിയപ്പോള്‍ ജി.സുധാകരനോട് ചിരിച്ച് കൈ കൊടുത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രോടെം സ്പീക്കറായ സുധാകരന് മുന്നിലാണ് പിണറായി സത്യപ്രതിജ്ഞ ചെയ്തത്.
നേതൃത്വത്തോട് ഇടഞ്ഞ് പാര്‍ട്ടി വിട്ട ജി.സുധാകരന്‍റേത് രാഷ്ട്രീയ ചെറ്റത്തരമെന്ന് പിണറായി വിശേഷിപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സുധാകരനെ താന്‍ ചെറ്റയെന്ന് വിളിച്ചിട്ടില്ലെന്നുമായിരുന്നു പിണറായി വിജയന്‍ പിന്നീട് പ്രതികരിച്ചത്. എന്നാല്‍ ചെറ്റയെന്നത് അടിസ്ഥാനവര്‍ഗത്തിന്‍റെ പുരയാണ്. അതില്‍ തനിക്ക് അഭിമാനമാണുള്ളതെന്നായിരുന്നു സുധാകരന്‍റെ മറുപടി. പോടാ ചെറ്റേയെന്ന് പ്രയോഗമുണ്ടെന്നും അത് താന്‍ വിളിക്കുന്നില്ലെന്നും സുധാകരന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
പുന്നപ്രയുടെ സമരവീര്യമുറങ്ങുന്ന മണ്ണില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച ജി.സുധാകരന്‍ സിപിഎം സ്ഥാനാര്‍ഥി എച്ച്. സലാമിനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്. 27935 വോട്ടിന്‍റെ ഭൂരിപക്ഷവും സുധാകരന്‍ നേടി.
പിണറായി, സുധാകരന് മുമ്പിലെത്തി സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമല്ലോയെന്നും ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടോ എന്നുമുള്ള ഒരു മാധ്യമത്തിന്‍റെ ചോദ്യത്തിന്, സമൂഹമാധ്യമങ്ങളിലെ അസംബന്ധങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ പ്രോടെം സ്പീക്കറുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും അതില്‍ അനാവശ്യമായ വിവാദങ്ങളിലേക്ക് കടക്കേണ്ടെന്നും സുധാകരന്‍ നേരത്തേ പ്രതികരിച്ചിരുന്നു.