മൂന്ന് എംഎൽഎമാരുമായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രമെഴുതി ബിജെപി. കാൽനടയായാണ് ബിജെപി എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിൽ എത്തിയത്. ചാത്തന്നൂർ എംഎൽഎ ബി.ബി  ഗോപകുമാർ സ്പീക്കർ സ്ഥാനാർഥിയായി മത്സരിക്കും. 

നേമത്തെ പൂട്ടിയ അക്കൗണ്ട് തുറക്കുക മാത്രമല്ല കഴക്കൂട്ടത്തും ചാത്തന്നൂരിലും പുതിയ അക്കൗണ്ട് തുറന്നതിന്റെ ആഘോഷത്തിലാണ് ബിജ.പിയുടെ നിയുക്ത എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവർ സത്യപ്രതിജ്ഞ എത്തിയത്. 

പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി തുടക്കം.  തുടർന്ന് മൂവരും പ്രവർത്തകർക്കൊപ്പം കാൽനടയായി നിയമസഭയിലേക്ക്.  ചാത്തന്നൂരിൽ നിന്നുള്ള  ബി.ബി  ഗോപകുമാർ ആണ് ആദ്യമായി സത്യം ചെയ്ത ബിജെപി എംഎൽഎ. 64 മത് ആയിട്ട് ആയിരുന്നു കഴക്കൂട്ടത്ത് കടകംപള്ളിയെ തോൽപ്പിച്ച വി. മുരളീധരന്റെ സത്യപ്രതിജ്ഞ. പ്രതിപക്ഷ ബെഞ്ചിലിരുന്ന പിണറായി വിജയനെ ഗൗനിച്ചില്ല. 

നേമത്ത് അക്കൗണ്ട് വീണ്ടും തുറന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ  രാജീവ് ചന്ദ്രശേഖർ 83– മതായി മലയാളത്തിൽ പ്രതിജ്ഞ ചെയ്തു. പിണറായിയെ തൊഴുതാണ് സഭാ നാഥന്റെ അടുത്തേക്ക് രാജീവ് ചന്ദ്രശേഖർ പോയത്.

ബിജെപി ശക്തമായ പ്രതിപക്ഷമാകുമെന്നും ബി.ബി.ഗോപകുമാർ സ്‌പീക്കർ സ്ഥാനാർഥിയായി മൽസരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ  പറഞ്ഞു. ശബരിമല സ്വർണകൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉയർത്തുമെന്ന് വി.മുരളീധരൻ പറഞ്ഞു. ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്‌ണദാസ് തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തി